മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

മക്കയിലും പരിസരങ്ങളിലും  കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

മലപ്പുറം: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പൊതു സുരക്ഷക്ക് പുറമെ അതി ശക്തമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളാണ് പുണ്യ സ്ഥലങ്ങളിലും മക്കയുടെ പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ കടന്നു പോകുന്നതും താമസിക്കുന്നതുമായ കേന്ദ്രങ്ങളില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് സഊദി പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
അനുമതി പത്രമില്ലാതെ ഒരാളെയും പുണ്യ സ്ഥലങ്ങളിലേക്ക് കടത്തി വിടുകയില്ല. മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കര്‍ശന പരിശോധനയുണ്ടാകും. ആവശ്യമാണെങ്കില്‍ ചില ഭാഗങ്ങളും റോഡുകളും അടച്ചിടും. നുഴഞ്ഞുകയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും പിടികൂടാന്‍ പ്രത്യേക സുരക്ഷസംഘം രംഗത്തുണ്ടാകും.

ആരെങ്കിലും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ കടുത്ത പിഴയും ശിക്ഷയും ഈടാക്കും. ഹാജിമാരുടെ വഴികള്‍, കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ ആരോഗ്യ പൊതു സുരക്ഷ നടപ്പിലാക്കും. ജനങ്ങളുടെ സുരക്ഷയാണ് അതി പ്രധാനം. അതിനായി മുഴുവന്‍ സംവിധാനങ്ങളും രംഗത്തിറങ്ങുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം ചുരുങ്ങിയ എണ്ണപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് ഹജ്ജിനു അനുമതി നല്കുന്നുവെന്നതിനാല്‍ ഇത്തവണ ഹജ്ജ് ട്രിപ്പുകള്‍ക്ക് അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് ഭീഷണിക്കിടെ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാഴ്ചയെങ്കിലും നിര്‍ബന്ധിത ക്വാനന്റൈനില്‍ ഹാജിമാര്‍ കഴിയണമെന്ന നിര്ബന്ധമുള്ളതിനാലാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. പ്രാഥമിക അനുമതി ലഭിച്ചവരാണ് കഴിഞ്ഞ ദിവസം മുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. അന്തിമ അനുമതി ലഭിച്ചാല്‍ ഇവര്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവാണെങ്കില്‍ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യും. ഹജ്ജിന് ശേഷവും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Sharing is caring!