പാലക്കാട്- മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ പഞ്ചായത്തുകളായ പുലാമന്തോള്‍, മൂര്‍ക്കനാട്, ഏലംകുളം എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

പാലക്കാട്- മലപ്പുറം ജില്ലാ  അതിര്‍ത്തിയിലെ പഞ്ചായത്തുകളായ  പുലാമന്തോള്‍, മൂര്‍ക്കനാട്, ഏലംകുളം  എന്നിവിടങ്ങളില്‍ കനത്ത  ജാഗ്രതാ നിര്‍ദേശം

പെരിന്തല്‍മണ്ണ: പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയില്‍നിന്ന് മത്സ്യ കച്ചവടക്കാര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ പാലക്കാട്- മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ പഞ്ചായത്തുകളായ പുലാമന്തോള്‍, മൂര്‍ക്കനാട്, ഏലംകുളം എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. പുലാമന്തോളില്‍ കോവിഡ് ബാധിതനുമായി ബന്ധമുണ്ടായ രണ്ട് മത്സ്യക്കച്ചവടക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍നിന്നും മത്സ്യമെത്തിച്ച് വാഹനത്തില്‍ വില്‍ക്കുന്നയാള്‍ക്കാണ് മൂര്‍ക്കനാട് രോഗം വന്നത്. പുലാമന്തോള്‍ പഞ്ചായത്തില്‍ പുലാമന്തോള്‍, തിരുനാരായണപുരം യുപി പ്രദേശങ്ങളടങ്ങുന്ന ഏഴ്, എട്ട് വാര്‍ഡുകള്‍, വടക്കന്‍ പാലൂര്‍ മൂതല്‍ ചെമ്മലശ്ശേരി, വളപുരം വരെയുള്ള 11 മുതല്‍ 17 വരെയുള്ള വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം കൊണ്ടുവന്നത്.
ഇവിടെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ ഞായറാഴ്ച വൈകിട്ട് നാലോടെ അടപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ ഇവിടെയെത്തി മാര്‍ഗനിര്‍ദേശം നല്‍കി. സമ്പര്‍ക്ക പട്ടിക വിപുലമാണെന്നാണ് വിലയിരുത്തല്‍. ഈ പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ അനുവാദം ലഭിക്കുംവരെ വീടുവിട്ട് പുറത്ത് പോകരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ പറഞ്ഞു.
മൂര്‍ക്കനാട്ടും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍ അറിയിച്ചു. കോവിഡ് ബാധിതനില്‍നിന്നും ഇയാളുടെ സഹായിയില്‍നിന്നും മീന്‍ വാങ്ങിയ മൂര്‍ക്കനാട് പൊട്ടിക്കുഴി, കല്ലുവെട്ടുകുഴി, പൂഴിപ്പറ്റ, പടിഞ്ഞാറ്റുംപുറം പ്രദേശവാസികളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും.
ഏലംകുളത്ത് 14-ാം വാര്‍ഡിലുള്ളയാള്‍ക്ക് പട്ടാമ്പി മാര്‍ക്കറ്റിലെ തൊഴിലാളിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനാലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. പഞ്ചായത്ത് ബസ് സ്റ്റോപ്പിനടുത്തും പഞ്ചായത്ത് ഓഫീസിന് സമീപത്തും വിവിധ കടകളില്‍ ഇയാള്‍ പോയിട്ടുണ്ട്. സ്ഥാപനങ്ങളെല്ലാം അടച്ചിടും. ശനിയാഴ്ച വൈകിട്ട് നാലിനു-ശേഷം സാധനങ്ങള്‍ വാങ്ങിപ്പോയവര്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും ആരോഗ്യവിഭാഗം നിര്‍ദേശിച്ചു.

Sharing is caring!