കോട്ടക്കല്‍ ചെയര്‍മാനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്‌

കോട്ടക്കല്‍ ചെയര്‍മാനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്‌

കോട്ടക്കല്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോട്ടക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ കെ നാസര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ കേസ്. ഇന്നലെ നടന്ന ബി എച്ച് സ്ട്രീറ്റ് ഉദ്ഘാടനത്തിനാണ് കോവിഡ് പ്രോട്ടോക്കോള്‍ മറികടന്ന് ആളുകള്‍ ഒത്തു ചേര്‍ന്നത്. സി പി എം പ്രാദേശിക നേതൃത്വം നല്‍കിയ പരാതിക്ക് പുറമേ പോലീസ് സ്വമേധയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാമൂഹ്യവ്യാപനം മനപൂര്‍വം സൃഷ്ടിക്കുന്നതിനാണ് മുസ്ലിം ലീഗ് ശ്രമിച്ചതെന്നാണ് ജനങ്ങള്‍ സംശയിക്കുന്നതെന്ന് സി പി എം ആരോപിച്ചു. ഒരു ഭാഗത്ത് കോവിഡ് തടയാന്‍ പരിശ്രമം നടത്തുമ്പോളാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് സി പി എം ആരോപിച്ചു.

പ്രോട്ടോക്കോള്‍ ലംഘിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് അധികൃതര്‍ പരിശോധിക്കട്ടെയെന്ന് ചെയര്‍മാന്‍ പ്രതികരിച്ചു. ബി എച്ച് റോഡ് നവീകരണം പ്രഖ്യാപിച്ചതു മുതല്‍ സി പി എം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ വികസന പ്രവര്‍ത്തികളില്‍ ഹാലിളകിയാണ് സി പി എം ഇത്തരം പ്രചാരണങ്ങളിലേക്ക് കടന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഉദ്ഘാടനത്തിന് കുറച്ചു പേരെയെ ക്ഷണിച്ചിരുന്നുള്ളു. ബാക്കിയുള്ളവര്‍ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കിടാന്‍ എത്തിയതാണെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലത്തുണ്ടായിരുന്ന പോലീസടക്കം നോക്കി നില്‍ക്കെയാണ് നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ഉദ്ഘാടനം. ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് ഇടെയാണ് ഉത്തരവാദിത്വപെട്ട ജനപ്രതിനിധി അടക്കം ഇത്തരമൊരു ലംഘനത്തില്‍ ഏര്‍പ്പെട്ടത്.

Sharing is caring!