സംസാരിക്കാന്‍ കഴിയില്ല. കേള്‍വി ശേഷിയുമില്ല. എന്നിട്ടും മലപ്പുറത്തെ സഫ്വാന്‍ നേടിയത് ഫുള്‍ എ പ്ലസ്

സംസാരിക്കാന്‍ കഴിയില്ല.  കേള്‍വി ശേഷിയുമില്ല. എന്നിട്ടും മലപ്പുറത്തെ  സഫ്വാന്‍ നേടിയത്  ഫുള്‍ എ പ്ലസ്

തിരൂരങ്ങാടി: സംസാരിക്കാന്‍ കഴിയില്ല. കേള്‍വി ശേഷിയുമില്ല.എന്നിട്ടും മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥിയായ സഫ്വാന്‍ നേടിയത് ഫുള്‍ എ പ്ലസ്. പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ പഠിച്ചിരുന്ന സഫ്വാന്‍ മുഹമ്മദ് എന്ന കോമേഴ്സ് വിദ്യാര്‍ഥിയാണ് സംസാര, കേള്‍വി ശേഷിയില്ലാതെ പ്ലസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി് ശ്രദ്ധേയനായത്. ഒന്നു മുതല്‍ 10 വരെ പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ പഠിച്ചിരുന്ന ഈ മിടുക്കന്‍ പ്ലസ് ടുവിന് വാഴക്കാട് കാരുണ്യ ഭവന്‍ ബധിര വിദ്യാലയത്തിലാണ് പഠിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നന്നമ്പ്ര കുണ്ടൂര്‍ മൂലക്കല്‍ സ്വദേശി കണിയേരി സൈനുദ്ദീന്റെയും ജമീലയുടെയും മകനായ സഫ്വാന്‍ ചെസ്സ് കളിയിലും ചിത്രകലയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒരു സഹോദരന്‍ സല്‍മാന്‍ ഫാരിസിനും കേള്‍വി, സംസാര ശേഷിയില്ല. ഇവര്‍ക്ക് രണ്ട് സഹോദരന്‍മാരും ഇരട്ട സഹോദരിമാരും കൂടിയുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ് സല്‍മാന്‍ ഫാരിസ്. 1200 ല്‍ 1168 മാര്‍ക്കും വാങ്ങി തിളക്കമാര്‍ന്ന വിജയം നേടിയ സഫ്വാനെ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു.

Sharing is caring!