കുവൈത്തിലെ ആട് ജീവിതത്തില്‍ നിന്നും മോചിതനായി മലപ്പുറത്തെ യുവാവ് വീട്ടിലൈത്തി

കുവൈത്തിലെ ആട് ജീവിതത്തില്‍  നിന്നും മോചിതനായി  മലപ്പുറത്തെ യുവാവ്  വീട്ടിലൈത്തി

മലപ്പുറം: മണലാരുണ്യത്തിലെ നീണ്ട ഒന്നര വര്‍ഷത്തെ ആട് ജീവിതത്തില്‍ നിന്നും മോചിതനായി യുവാവ് വീടണഞ്ഞു. കുറുവ മീനാര്‍ കുഴി അമ്പലത്തറ കിഴക്കേതില്‍ ഹംസ മുല്ലപ്പള്ളി എന്നിവരുടെ മകനായ മുഹമ്മദ് മുഹ്‌സിനാണ് കുവൈറ്റ് കെ.എം.സി.സിയുടെ ചിറകില്‍ കരകയറിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ വിജനമായ കടല്‍ പരപ്പിലെമരുഭൂമിയില്‍ അറബിയുടെ ഒട്ടകങ്ങളെയും ആടുകളെയും മേഞ്ഞു ജീവിതം തള്ളി നീക്കുകയായിരുന്നു. ലക്ഷങ്ങള്‍ നല്‍കി കുവൈറ്റില്‍ എത്തിയ മുഹ്‌സിന് പറഞ്ഞ ജോലിയല്ല ലഭിച്ചത് മാത്രമല്ല അറബിയുടെ ആട് ഫാമിലേക്ക് മാറ്റുകയും ചെയ്തു. നിരവധി തവണ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാസ്‌പോര്‍ട്ടും ശമ്പളവും തടഞ്ഞു വെച്ച മുഹ്‌സിന്റെ ജീവിതം ഏറെ പ്രയാസകരമായിരുന്നു. ഉമ്മക്ക് സുഖമില്ലാ എന്നറിഞ്ഞിട്ടും മടങ്ങാനാവാതെ നില്‍ക്കുമ്പോഴാണ് നാട്ടുകാരാനായ ഇസ്ഹാഖ്മായി ബന്ധപ്പെട്ടതിനെ തുടര്‍ന്നു കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് രക്ഷപെട്ടതെന്ന് മുഹ്‌സിന്‍ പറഞ്ഞു. മലപ്പുറം ജില്ല കുവൈറ്റ് കെ.എം.സി.സി, മങ്കട മണ്ഡലം കെഎംസിസി എന്നീ കമ്മറ്റി നേതാക്കളായ മുജീബ് മൂടാല്‍, ഷുക്കൂര്‍ മേലാറ്റൂര്‍, റാഫി ആലിക്കല്‍ രാമപുരം , പി. ആബിദ് തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാസ്‌പോര്‍ട്ട് വിട്ടു കിട്ടാനും എംബസിയുമായി ബന്ധപ്പെട്ട് യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാനും ഇടപെടലുകള്‍ ഉണ്ടായത്. കെ.എം.സി.സി.യുടെ സഹായത്തോടെ ടിക്കറ്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു വന്ദേഭാരത് മിഷന്‍ ഫ്‌ലൈറ്റില്‍ പ്രയാസങ്ങളുടെ ഭാരം ഇറക്കി വെച്ചാണ് ഇന്നലെ മീനാര്‍ കുഴിയിലെ വീട്ടിലെത്തി ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Sharing is caring!