ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: മലപ്പുറത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ പത്ര സമ്മേളനത്തിലാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. സമൂഹവ്യാപന ഭീതി വരെ നിലനിന്നിരുന്ന ജില്ലയുടെ പല ഭാ​ഗങ്ങളിലും ഇപ്പോൾ സ്ഥിതി ​ഗുരുതരമല്ലാതെ തുടരുന്നുണ്ട്.

ഇന്ന് ജില്ലയില്‍ 25 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ 42 പുതിയ രോ​ഗികൾ ഉണ്ടായിരുന്നു. ജില്ലയിൽ ഇന്ന് 32 പേർ കൂടി രോഗമുക്തി നേടി. രോഗബാധിതരായി 565 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ 1,198 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പൊന്നാനി, താനൂർ, എടക്കര ഭാ​ഗങ്ങളിലായിരുന്നു സമ്പർക്ക രോ​ഗികളുടെ എണ്ണത്തിൽ അസാധാരണായ വർധനവ് കണ്ടത്. ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കം നടപ്പാക്കി പൊന്നാനി താലൂക്കിനെ ജില്ലാ ഭരണകൂടം വരിഞ്ഞു കെട്ടിയിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. താനൂർ മുനിസിപ്പാലിറ്റിയിലും സ്ഥിതി വ്യത്യസ്ഥമല്ല.

150ന് അടുത്ത സമ്പർക്ക രോ​ഗികളിലേക്ക് എത്തിയിട്ടാണ് പൊന്നാനിയിലെ രോ​ഗവ്യാപനം കുറഞ്ഞത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കടക്കം രോ​ഗം റിപ്പോർട്ട് ചെയ്തു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഓഫിസ് അടച്ചിട്ടു. ഇങ്ങനെ ഭീതിജനകമായ സാഹചര്യങ്ങളിൽ നിന്നാണ് ജില്ല തിരിച്ചു വരുന്നത്.

ആശ്വാസകരമായ നിലയാണെങ്കിലും ജാ​ഗ്രതയ്ക്ക് കുറവ് വരുത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥരും, മജിസ്ട്രേറ്റ് തലത്തിലും ഇടപെട്ടാണ് ഇന്നലെ തുറന്ന താനൂർ ഹാർബറിൽ സുരക്ഷാകവചം ഒരുക്കിയത്. ജില്ലയിലെ മറ്റ് ഹാർബറുകളിലും, മാർക്കറ്റുകളിലും കർശനമായ നിരീക്ഷണം തുടരുന്നുണ്ടെന്ന് ജില്ലാ അധികൃതർ പറഞ്ഞു.

Sharing is caring!