കേരളത്തിലെ ഏറ്റവുംവലിയ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍
മലപ്പുറം: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍. 1200ലധികം കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സര്‍വകലാശാല വനിത ഹോസ്റ്റലിലാണ് ഒരുക്കിയത്. 10 ഡോക്ടര്‍മാര്‍, 50 നഴ്സുമാര്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 50 ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സദാസമയ സേവനം ലഭ്യമാക്കിയാണ് കോവിഡ് പ്രതിരോധത്തിന്റെ പുതിയ പോര്‍മുഖത്ത് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും ജില്ലയില്‍ അതിജീവനത്തിന്റെ വഴി തുറക്കുന്നത്.
സര്‍വകലാശാല ലേഡീസ് ഹോസ്റ്റലിലെ ‘ പാരിജാതം, മുല്ല, എവറസ്റ്റ് ‘ എന്നീ കെട്ടിട സമുച്ചയങ്ങളിലായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ സൗജന്യഭക്ഷണത്തിന് പുറമെ മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ സര്‍വകലാശാല സഹായത്തോടെ ഇന്റര്‍നെറ്റ് സൗകര്യവും മറ്റ് വിനോദ ഉപാധികളും ലഭ്യമാക്കും. പ്രാഥമിക ചികിത്സ സൗകര്യവുമുണ്ടാകും. രോഗികള്‍ക്കുള്ള ഭക്ഷണം കൃത്യസമയങ്ങളിലായി ലഭ്യമാക്കാന്‍ സര്‍വകലാശാല ഹോസ്റ്റല്‍ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ എന്നാല്‍ രോഗം ഗുരുതരമല്ലാത്തവരായ മലപ്പുറം ജില്ലക്കാരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ ഒരു മുറിയില്‍ നാല് പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ പേര് എത്തിയാല്‍ മുല്ല എന്ന പേരിലുള്ള കെട്ടിട സമുച്ചയവും ഉപയോഗപ്പെടും. ഇവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കും.
രോഗികളെ എ, ബി, സി എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് പുതിയ സജ്ജീകരണം. ഹോസ്റ്റലില്‍ 1,000 ലധികം ബെഡുകളും തലയണയും പുതുതായി കയര്‍ ബോര്‍ഡില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും നേരത്തെ ചികിത്സ സൗകര്യമൊരുക്കിയ ആശുപത്രികളില്‍ സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സക്ക് വിപുലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയത്. ജില്ലയില്‍ നിലവില്‍ കാളികാവ് സഫ ആശുപത്രി, മഞ്ചേരി മുട്ടിപ്പാലത്തെ സയന്‍സ് ഇന്‍സിസ്റ്റ്യൂട്ട് ഹോസ്റ്റല്‍, കൊണ്ടോട്ടി ഹജ്ജ് ഹൗസ് എന്നിവിടങ്ങളിലാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുള്ളത്. എന്നാല്‍ ഇവിടങ്ങളിലെല്ലാമുള്ളതിനേക്കാള് രോഗികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സര്‍വ്വകലാശാല വനിത ഹോസ്റ്റലിലുണ്ട്.
നിലവില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കൊച്ചിയിലെ അഡ്ലക്സ് കണ്വെന്ഷന് സെന്ററിലാണ്. അവിടെ ഒരേസമയം 800 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. ജില്ലയിലെ നാലാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ സര്‍വ്വകലാശാല വനിത ഹോസ്റ്റലില്‍ ഒരേസമയം 1200ലധികം കോവിഡ് രോഗികളെ പ്രവേശിപ്പിക്കാനാകും. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലാണ് നേരത്തെ കോവിഡ് കെയര്‍ സെന്ററായിരുന്ന വനിത ഹോസ്റ്റല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയത്. ആരോഗ്യപ്രവര്‍ത്തകരും ട്രോമകെയര്‍ വളണ്ടിയര്‍മാരും ഹോസ്റ്റല്‍ ജീവനക്കാരും രാപ്പകല്‍ അധ്വാനിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. കോവിഡ് രോഗികളെ പരിചരിക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഇതിനകം ശാസ്ത്രീയ പരിശീലനം നല്‍കിയിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. നേരത്തെ കോവിഡ് കെയര്‍ സെന്ററായി പാരിജാതം ഹോസ്റ്റല്‍ കെട്ടിടം ഉപയോഗിച്ചിരുന്നു. ജില്ലയിലെ ട്രോമ കെയര്‍ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഈ കെട്ടിടം ശുചീകരിച്ചു. കുട്ടികളുടെ സാമഗ്രികളെല്ലാം യൂനിവേഴ്സിറ്റിയിലെ മറ്റു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ പുതിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും.
ഹോസ്റ്റലിലെ ട്രീറ്റ്മെന്റ് സെന്ററില്‍ കലക്ടറുടെ സന്ദര്‍ശനം:
കോവിഡിനോട് പോരാടാന്‍ മനോവീര്യം പകര്‍ന്ന് മടക്കം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമായി തുടരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മനോവീര്യം പകര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ സന്ദര്‍ശനം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തിയത്. ഇന്നലെ 10.30ഓടെ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ എത്തിയ ജില്ലാ കലക്ടര്‍ സമയബന്ധിതമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കിയ ആരോഗ്യ പ്രവര്‍ത്തകരെയും ട്രൊമ കെയര്‍ വളണ്ടിയര്‍മാരെയും ഹോസ്റ്റല്‍ ജീവനക്കാരെയും അഭിനന്ദിച്ചു. സര്‍വകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റല്‍ ജനസാന്നിധ്യം കുറഞ്ഞ മേഖലയിലായതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും സഹകരണവും പിന്തുണയും നല്‍കണമെന്നും ചിട്ടയായ പ്രവര്‍ത്തനം ജില്ലയില്‍ തുടരുന്നതിനാല്‍ ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് കൃത്യമായി ധരിച്ചും സാമൂഹിക അകലം പാലിച്ചും കരുതല്‍ തുടരണമെന്നും കലക്ടര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കിയ വനിത ഹോസ്റ്റലിലെ ‘പാരിജാതം ‘ കെട്ടിട സമുച്ചയത്തിലായിരുന്നു ജില്ലാ കലക്ടറുടെ ആദ്യ സന്ദര്‍ശനം. പിന്നീട് ‘മുല്ല’ എന്ന പേരുള്ള കെട്ടിടസമുച്ചയത്തിലും ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഇവിടങ്ങളിലെല്ലാം വിവിധ ചുമതലകളിലുള്ളവരുമായി വിശദമായി ആശയ വിനിമയം നടത്തിയ അദ്ദേഹം മണിക്കൂറുകളോളം സമയം ചെലവഴിച്ചാണ് മടങ്ങിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.എല്‍ ജോഷി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ പി.രാജു, ടെക്നിക്കല്‍ അസിസ്റ്റന്റ് യു.കൃഷ്ണന്, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന്, മഞ്ചേരി മെഡിക്കല്‍ കോളജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍കലാം, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, തേഞ്ഞിപ്പലം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സരിത, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി അറയ്ക്കല്‍, നെടുവ സിഎച്ച് സിയിലെ ഡോ.പി രഞ്ജിത്ത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]