പൊന്നാനിയിൽ കർശന നിയന്ത്രണം തുടരും

പൊന്നാനിയിൽ കർശന നിയന്ത്രണം തുടരും

പൊന്നാനി: കോവിഡ് 19 രോഗ വ്യാപന സാധ്യത തുടരുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാകലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പൊന്നാനി താലൂക്കിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ ആകെ നടത്തിയ 8808 റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ 129 കോവിഡ് -19 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊന്നാനിയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നത്.

പൊന്നാനി താലൂക്കിലെ നന്നംമുക്ക്, തവനൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ തവനൂരിൽ 725 പേരുടെ ടെസ്റ്റിൽ ഒരാൾക്കുമാത്രമായിരുന്നു രോഗബാധ കണ്ടെത്തിയത്. നന്നംമുക്കിൽ 630 ടെസ്റ്റിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം പിൻവലിച്ചു.

മത്സ്യതൊഴിലാളികൾ, സെയിൽസ്മാൻ, പെയിന്റിങ് തൊഴിലാളി, നിർമാണ തൊഴിലാളി, ആംബുലൻസ് ഡ്രൈവർ, ആശവർക്കർ, അങ്കണവാടി ടീച്ചർ എന്നിവരിലും രോഗബാധ കണ്ടെത്തിയിരുന്നു. ദിവസക്കൂലിക്കാർ, വീട്ടുജോലിക്കാർ, വിവിധ കടകളിലെ ജീവനക്കാർ, ഓട്ടോ ടാക്‌സി ഡ്രൈവർമാർ, ബസ് ജീവനക്കാർ, കേബിൾ ഓപ്പറേറ്റർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ലോട്ടറി വിൽപ്പനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും കോവിഡ് പോസിറ്റിവായി കണ്ടെത്തി. 129 പേരിലാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. ഈ രോഗികൾ പൊതുസമൂഹവുമായി സമ്പർക്കം കൂടുതലുള്ളവരായതിനാൽ രോഗവ്യാപന സാധ്യതയുള്ളതിനാൽ പ്രൈമറി, സെക്കൻഡറി സമ്പർക്കം കൃത്യമായി കണ്ടെത്തി പ്രദേശത്ത് വിപുലമായ ടെസ്റ്റ് നടത്തി രോഗവ്യാപനം തടയുന്നതിനാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്ന് ജില്ലാകലക്ടർ അറിയിച്ചു. താലൂക്കിലെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ സ്‌ക്വാഡുകൾ പ്രവർത്തിക്കും. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പക്ഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും കലക്ടർ അറിയിച്ചു.

പൊന്നാനി താലൂക്ക് പരിധി (നന്നംമുക്ക്, തവനൂർ ഗ്രാമപഞ്ചായത്ത് പരിധികളൊഴികെ) നിയന്ത്രണങ്ങൾ/ വ്യവസ്ഥകൾ

*മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചു.
*10 വയസിന് താഴെയുള്ളവർ , 60 വയസിന് മുകളിലുള്ളവർ എന്നിവർ മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്.
*അവശ്യവസ്തുക്കൾ വാങ്ങിക്കാൻ പോവുന്നവർ നിർബന്ധമായും കയ്യിൽ റേഷൻ കാർഡ് കരുതണം.
*ഹൈവേയിലൂടെ കടന്ന് പോകുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ പ്രദേശ പരിധിയിൽ നിർത്തരുത്. അവശ്യവസ്തുക്കൾ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങൾ) ഗതാഗതം അനുവദിക്കും.
*രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ നൈറ്റ് കർഫ്യൂ നിലനിൽക്കും
*കോവിഡ് 19 രോഗനിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ , അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കുവാൻ പാടുളളു.

* മറ്റ് പ്രദേശങ്ങളിലുള്ള സർക്കാർ ഓഫീസുകളിൽ സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കണം.
*ബാങ്ക് , ഇൻഷൂറൻസ് സ്ഥാപനങ്ങൾ , സ്വകാര്യ സ്ഥാപനങ്ങൾ , അക്ഷയ എന്നിവ പ്രവർത്തിപ്പിക്കരുത്. മെഡിക്കൽ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവർത്തിക്കാം.
*മത്സ്യ-മാംസ വിൽപന കർശമായി നിരോധിച്ചു. പാൽ, പത്രം എന്നിവ വിതരണം ചെയ്യാം.
* റേഷൻ കടകൾ, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ തുറക്കാവൂ.
*തിങ്കൾ , ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിന് മാത്രം യാത്ര അനുവദിക്കും.
*റേഷൻ കാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടില്ല.
*ഹോട്ടലുകളിൽ പാർസൽ സർവീസിന് മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ടു വരെ അനുമതി ഉണ്ടായിരിക്കും. ഉപഭോക്താക്കൾ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തണം.
*സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു.
*സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിന് ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തണം. സാനിറ്റൈസർ / സോപ്പുപയോഗിച്ച് കൈ കഴുകാനുളള സൗകര്യമുണ്ടാവണം. മാസ്‌ക് ധരിക്കാത്തവർക്ക് സാധനങ്ങൾ കൊടുക്കരുത്.
*നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും.

മറ്റ് നിബന്ധനകൾ
*മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹാർബർ പ്രവർത്തിപ്പിക്കരുത്.
*പെട്രോൾ പമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ രാത്രി 10വരെ പ്രവർത്തിക്കാം. യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള പെട്രോൾ പമ്പുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
*വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പരമാവധി 20 ആളുകൾക്ക് മാത്രമേ ഒത്തു കൂടാൻ അനുമതിയുള്ളൂ. ആരാധനാലയങ്ങൾ തുറക്കരുത്.
*രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ പാടില്ല.
*കായിക കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, ടർഫ് / മൈതാനത്തിലുള്ള കളികൾ എന്നിവ നിരോധിച്ചു.
*നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികൾ തുടരാൻ അനുവദിക്കും.
*ഞായറാഴ്ച ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല

Sharing is caring!