താനൂരിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ആശങ്ക ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗംചേര്‍ന്നു

താനൂരിലെ  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍.   ആശങ്ക ചര്‍ച്ച ചെയ്യാന്‍  അടിയന്തിര യോഗംചേര്‍ന്നു

താനൂര്‍: കോവിഡ് വ്യാപനം തടയുന്നതിനായ് താനൂര്‍ നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയിലെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ താനൂരില്‍ അടിയന്തിര യോഗം ചേര്‍ന്നു. വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മറ്റി യോഗം വിളിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മത്സ്യ ബന്ധനത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിട്ടുണ്ട്. ഹാര്‍ബറില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി മത്സ്യബന്ധനവും വ്യാപാരവും നടത്തുന്നതിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും, ലേലം വഴിയുള്ള വ്യാപാരം പരമാവധി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രമേ ഹാര്‍ബറില്‍ പ്രവേശിക്കാന്‍ പാടൊള്ളു, സാമൂഹിക അകലം ഉറപ്പുവരുത്താന്‍ തീരദേശ മേഖലയിലെ വിവിധ കമ്മറ്റികളുടെയും സമിതികളുടെയും വ്യാപാരികളുടെയും സഹായം തേടാനും യോഗത്തില്‍ തീരുമാനമായി.
വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാപാരം നടത്താതെ ഉപജീവനത്തിനായുള്ള വിപണനവും മത്സ്യബന്ധനവും ആയിരിക്കണം എന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി സമയക്രമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനായി പൊലീസ് കര്‍ശനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ മത്സ്യബന്ധനം അനുവദിക്കില്ല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും ജനങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയെങ്കിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട് ഒറ്റക്കെട്ടാവുമ്പോള്‍ ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. തിരൂര്‍ തഹസീല്‍ദാര്‍ ടി മുരളി, ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറിസ് ഓഫീസര്‍ അംജത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ പി പി ഹാഷിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീശന്‍, ഹാര്‍ബര്‍ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!