ചരിത്രവിജയത്തിന് സാക്ഷിയായി തിരൂർ

ചരിത്രവിജയത്തിന് സാക്ഷിയായി തിരൂർ

തിരൂർ: സ്ഥലം തിരൂർ എക്സൈസ് സർക്കിൾ ഓഫീസ്. കേരള ചരിത്രത്തിലാ​ദ്യമായി ഒരു വനിത എക്സൈസ് ഇൻസ്പെക്റ്റർ‍ ആയി ചുമതലയേൽക്കുന്ന ആ അഭിമാന നിമിഷം . ഒന്നാം റാങ്കിന്റെ പൂർണ്ണ തിളക്കത്തോടെ ഒ. സജിത സത്യപ്രതിജ്ഞ ചൊല്ലി ആ സ്ഥാനം അലങ്കരിച്ചു.

വനിതകളെ ഉൾകൊള്ളിച്ച് കൊണ്ട് നടന്ന എക്സൈസ് ഉദ്യോ​ഗസ്ഥരുടെ ആ​ദ്യ പരീക്ഷയിലാണ് ഒന്നാം റാങ്കോടെ സജിത വിജയം നേടിയത്. എക്സൈസ് ഇൻസ്പെക്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇക്കുറി വനിതകൾ അപേക്ഷിക്കേണ്ടതില്ലെന്ന ബ്രാക്കറ്റ് ഇല്ലായിരുന്നു. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല സജിത. പരീക്ഷ ഫലം വന്ന ഉടനെ ഒരു വർഷത്തെ പരിശീലനം. എക്സൈസ് അക്കാദമിക്ക് പുറമേ വിവിധ എക്സൈസ് സർക്കിളിലും, റേഞ്ച് ഓഫീസുകളിലും പരിശീലനം പൂർത്തിയാക്കി. സജിത നേരത്തെ എക്സൈസിൽ സിവിൽ ഓഫീസർ ആയിരുന്നു.

തൃശൂർ തൈക്കാട്ടുശ്ശേരിയിൽ റിട്ട. റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥൻ ദാമോദരന്റെയും സി എൻ എൻ സ്കൂളിൽ പ്രധാന അധ്യാപിക ആയിരുന്ന കെ യു മീനാക്ഷിയുടെയും മകളാണ് സജിത. ഭർത്താവ് അജിയും മകൾ ഇന്ദുവും ഈ ചരിത്രവിജയത്തിന്റെ സന്തോഷത്തിലാണ്.

Sharing is caring!