പൊന്നാനിയിൽ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പുറത്തിറങ്ങണമെങ്കിൽ റേഷൻ കാർഡ് നിർബന്ധം

പൊന്നാനിയിൽ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പുറത്തിറങ്ങണമെങ്കിൽ റേഷൻ കാർഡ് നിർബന്ധം

പൊന്നാനി: നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.

പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

ജില്ലയില്‍ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ മലപ്പുറം പി.എച്ച് ലാബില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനും താലൂക്ക് തലത്തില്‍ സാമ്പിള്‍ ശേഖരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ അംഗീകൃത ലാബായിരിക്കും ഇത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പൊന്നാനി താലൂക്കില്‍ അഞ്ച് സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. പി.എച്ച് ലാബില്‍ ആര്‍.ടി.പി.സി.ആര്‍ സൗകര്യമൊരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബുക്ക് ഡിപ്പോയുടെ കെട്ടിടം ലാബിനായി ഉപയോഗപ്പെടുത്തും. ബുക് ഡിപ്പോക്ക് പകരം സംവിധാനം ഒരുക്കും.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. സ്വകാര്യ ആശുപത്രികളുമായി ധാരണയിലെത്തുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണിത്. കെ.എം.എസ്.സി.എല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സമയത്തിനു ലഭിക്കുന്നില്ലെന്ന പരാതി ഗൗരവമായിക്കാണും. ഇവ അടിയന്തരമായി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ആംബുലന്‍സുകളുടെ എണ്ണം 100 ആക്കും

രോഗികളേയും സ്രവ പരിശോധനക്കായി രോഗ ലക്ഷണമുള്ളവരെ കൊണ്ടുവരുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കൂടുതല്‍ ആംബുലന്‍സ് സൗകര്യം ആവശ്യമായതിനാല്‍ 40 ആംബുലന്‍സുകള്‍കൂടി ജില്ലയില്‍ ഏര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിനും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനും പ്രത്യേക കണ്‍സോള്‍ ഉണ്ടാക്കും. ഇതിന്റെ പൂര്‍ണ്ണ ചുമതല റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കായിരിക്കും. ആംബുലന്‍സുകള്‍ കുടുംബശ്രീയുടെ സഹായത്തോടെ പ്രാദേശിക തലത്തില്‍ അണുവിമുക്തമാക്കുന്നതിന് സൗകര്യമൊരുക്കും.

പരിശോധനക്ക് 50,000 കിറ്റുകള്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടിതല്‍ പേരില്‍ രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇതിനായി അടിയന്തരമായി 50,000 പരിശോധന കിറ്റുകള്‍ ലഭ്യമാക്കാനും പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. കൂടുതല്‍ ഐ.സി.യു ബെഡുകളും വെന്റിലേറ്ററുകളും ജില്ലയിലൊരുക്കും.

ആര്‍.ആര്‍.ടി സംവിധാനം ശക്തമാക്കും

എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി സംവിധാനം ശക്തമാക്കി കൂടുതല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഷെല്‍റ്റര്‍ ഒരുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ തീരദേശ മേഖലയില്‍ ഉടന്‍ വിതരണം ചെയ്യാനും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എ.ഡി.എം എന്നിവരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, ജില്ലാപൊലീസ് മേധാവി യു.അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!