പ്രതിഷേധം ഭയന്ന് കലക്ട്രേറ്റിൽ നിന്നും സ്പീക്കർ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു

മലപ്പുറം: സ്വർണ്ണവേട്ടക്കേസിൽ പരാമർശവിധേമായ വിവാദ സ്ത്രീയുമായി ബന്ധമുള്ളതിനാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗത്തിനെത്തിയ സ്പീക്കർക്ക് കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരുന്നത്. പോലീസുകാർക്കിടയിലൂടെ സിവിൽ സ്‌റ്റേഷനിലേക്ക് കടന്ന സ്പീക്കറുടെ വാഹന വ്യൂഹം ഗേറ്റ് കടന്നതിനു ശേഷം യുവജന സംഘടനകളുടെ പ്രവർത്തകർ കലക്ട്രേറ്റ് ഗേറ്റിൽ ഉപരോധിച്ച് ശ്രീരാമകൃഷ്ണനെ വഴി തടയാനായിരുന്നു നീക്കം. എന്നാൽ യുവജന സംഘടനകളുടെ കനത്ത പ്രക്ഷോഭത്തെ ഭയന്ന് സ്പീക്കർ കലക്ട്രേറ്റിന് പിറകു വശത്തുകൂടിയുള്ള ഗേറ്റ് വഴി കനത്ത പോലീസ് സന്നാഹത്തോട് കൂടി രക്ഷപ്പെടുകയായിരുന്നു.
യുവജന സംഘടനാ പ്രവർത്തകർ കെ എസ് ആർ ടി സി പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി. എൻ.ഐ.എ. ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ സ്പീക്കറുടെ പങ്ക് അന്വേഷിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കലക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ ഗവർമെന്റ് സംസ്ഥാനം ഭരിക്കുമ്പോൾ ഭരണഘടനാ പദവിയിലിരിക്കുന്ന മുഴുവൻ ആളുകളും എ കെ ജി സെന്ററിലെ തൂപ്പുകാരുടെ ജോലിയാണ് ഖജനാവിൽ നിന്നും ശമ്പളം പറ്റി നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്താംതരം പോലും പാസാവാത്ത വിവാദ നായികയെ നയതന്ത്ര പ്രതിനിധിയാണെന്ന് ധരിച്ചുവെന്ന് സ്പീക്കറുടെ പരാമർശം ലക്ഷത്തോളം വരുന്ന തുകക്ക് വാങ്ങിയ കണ്ണട കൊണ്ടും കാഴ്ച ശക്തി തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജിജി മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം കെ മുഹ്്‌സിൻ, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ ഷാനവാസ്, ജന. സെക്രട്ടറി അഷ്‌റഫ് പാറച്ചോടൻ, മലപ്പുറം മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് ഉപ്പൂടൻ ഷൗക്കത്ത്, ഹക്കീം കോൽമണ്ണ, ശരീഫ് മുടിക്കോട്, സി പി സാദിഖലി, സുബൈർ മൂഴിക്കൽ, നാസർ പടിഞ്ഞാറ്റുമുറി, സെയ്ത് പൂങ്ങാടൻ, സജീർ കളപ്പാടൻ, നവാഷിദ് ഇരുമ്പൂഴി, മഹേഷ് കൂട്ടിലങ്ങാടി, പറമ്പൻ കുഞ്ഞു. കുഞ്ഞിമാൻ മൈലാടി, ജസീൽ പറമ്പൻ, റഷീദ് കാളമ്പാടി, പ്രശാന്ത് മേൽമുറി എന്നിവർ നേതൃത്വം നൽകി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി