പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങൾ എന്തെല്ലാമെന്നറിയാം

പൊന്നാനി: സമ്പർക്കത്തിലൂടെ കോവിഡ് -19 കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ സി.ആർ.പി.സി സെക്ഷൻ 144 വകുപ്പ് പ്രകാരം ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. പൊന്നാനിയിലെ നിയന്ത്രണങ്ങൾ പൂർണമായും നടപ്പിൽ വരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിക്കും ഇൻസിഡന്റ് കമാൻഡർ ആയ പൊന്നാനി തഹസിൽദാർക്കും ജില്ലാകലക്ടർ നിർദേശം നൽകി.
ഈ അടിയന്തിര സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിൽ താഴെ പറയുന്ന കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
·പൊന്നാനി താലൂക്ക് പരിധിയിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.
· മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾ നിരോധിച്ചു.
· പൊന്നാനി നഗരസഭാ പരിധിയിൽ മത്സ്യ മാംസാദികളുടെ വിപണനം പാടില്ല.
· 10 വയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുത്.
· മാസ്‌കുകൾ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കാവൂ.
· പൊന്നാനി താലൂക്കിൽ നാലുചക്ര സ്വകാര്യ/ടാക്‌സി വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി മൂന്ന് പേർ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. യാത്രകൾ അടിയന്തര സാഹചര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണം.
· സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ ക്ലാസുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, വിനോദയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഓൺലൈൻ പഠന മാർഗങ്ങൾ അനുവദിക്കും.
· ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവിടങ്ങളിലെ ആരാധനകൾ, ആഘോഷങ്ങൾ, അന്നദാനങ്ങൾ എന്നിവ നിരോധിച്ചു.
· വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ ശാരീരിക അകലം പാലിച്ച് പരമാവധി 20 പേർക്ക് മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ.
· പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ചു. ശിക്ഷാർഹമായ കുറ്റമായതിനാൽ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കും.
· ആശുപത്രികളിൽ രോഗിക്ക് കൂട്ടിരിപ്പിനായി ഒന്നിലധികം പേർ ഉണ്ടാകരുത്.
· വ്യാപാര സ്ഥാപനങ്ങളിൽ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം (എയർ കണ്ടീഷണർ) ഉപയോഗിക്കാൻ പാടില്ല.
· പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ എന്നിവ നിരോധിച്ചു.
· ടൂറിസം കേന്ദ്രങ്ങൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു.
· ജങ്കാർ സർവീസ്, ഫിഷിങ് ഹാർബർ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു.
· വ്യാപാര സ്ഥാപനങ്ങളുടെ കവാടത്തിൽ ഉപഭോക്താക്കൾക്കായി സോപ്പും സാനിറ്റൈസറും സജ്ജീകരിക്കണം.
· കടയിലും പരിസരത്തും സർക്കാർ മാർഗ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം.
· സ്ഥാപനങ്ങളുടെ പുറത്ത് ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങൾ (45 സെന്റിമീറ്റർ ഡയമീറ്റർ സർക്കിൾ) നിർബന്ധമായും രേഖപ്പെടുത്തണം.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]