അതീവ ജാ​​ഗ്രതയിൽ മലപ്പുറം ജില്ലയുടെ തീരദേശം

അതീവ ജാ​​ഗ്രതയിൽ മലപ്പുറം ജില്ലയുടെ തീരദേശം

പൊന്നാനി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 23 പേരുടെ ആന്റിജൻ ഫലം പോസിറ്റീവായത് മലപ്പുറത്തിന്റെ തീരദേശത്ത് ആശങ്ക കൂട്ടുന്നു. ഇതിൽ ഭൂരിഭാ​ഗം പേരുടേയും രോ​ഗത്തിന്റെ ഉറവിടം അറിവില്ല. രണ്ടു ദിവസത്തിൽ പൊന്നാനി താലൂക്കിൽ മാത്രം സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 13 പേർക്കാണ്. 10 പേരുടെ രോ​ഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വർ​ദ്ധിപ്പിക്കുന്നു.

ജനപ്രതിനിധികൾ, പോലീസുകാർ, ആരോ​ഗ്യ-മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവർ കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു. തിരൂർ, പൊന്നാനി പോലീസ് സ്റ്റേഷനുകളിലെ പോലീസുകാർ ഉൾപ്പെടെ ക്വാറന്റൈനിലാണ്. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും തിങ്കളാഴ്ച്ച വരെ അടച്ചിട്ടിരിക്കുകയാണ്. താനൂരിലും സ്ഥിതി ​ഗുരുതരമായ അവസ്ഥയിലാണ്. പരപ്പനങ്ങാടി മേഖലയിലും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരൂർ സ്റ്റേഷനിലെ പോലീസുകാർ അറസ്റ്റു ചെയ്ത പ്രതികൾക്കാണ് കോവിഡ് ബാധിച്ചത്.

പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച്ച ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത 63 പേരിൽ 12 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെയായിരുന്നു. ഇതിൽ പതിനൊന്നും പൊന്നാനി താലൂക്കിൽ നിന്നുള്ളവരും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2 ആരോ​ഗ്യ പ്രവർത്തകരും ഒരു ന​ഗരസഭ കൗൺസിലറും പോലീസുദ്യോ​ഗസ്ഥനും അങ്കണവാടി ജീവനക്കാരിയും ന​ഗരസഭ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു ആശങ്ക. പൊന്നാനി താലൂക്കിൽ സമൂഹവ്യാപന സാധ്യത പരിശോ​ധിക്കുന്നതിനായി ആരോ​ഗ്യ വിഭാ​ഗം നടത്തിയ ആന്റിജൻ പരിശോധനയിൽ ആണ് ഇവരുടെ രോ​ഗം സ്ഥിരീകരിച്ചത്. സാംപിളുകളെടുത്തുള്ള ഈ പരിശോധനയിൽ 1280 പേർക്ക് രോ​ഗമില്ലെന്നും സ്ഥിരീകരിച്ചു. ചിലരുടെ ഫലത്തിൽ സംശയം നിലനിൽക്കുന്നതിനാൽ ഇത് തുടർ പരിശോധന നടത്തും. സാംപിൾ ശേഖരണം തുടരും. എടപ്പാൾ 77, ആലങ്കോട് 45, തവന്നൂർ 74, വെളിയങ്കോട് 149, കാലടി 102, വട്ടംകുളം 172, മാറഞ്ചേരി 120, നന്നംമുക്ക് 98, പൊന്നാനി ന​ഗരസഭ 300, പെരുമ്പടപ്പ് 149 എന്നിങ്ങനെയാണ് ഇന്നലെ പരിശോധിച്ച സാംപിളുകളുടെ എണ്ണം.

പോലീസ് ഉദ്യോ​ഗസ്ഥനും ആരോ​ഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കിലെ 5 ജീവനക്കാരും പൊന്നാനി സ്റ്റേഷനിലെ 47 പോലീസുകാരും നിരീക്ഷണത്തിലാണ്. പൊന്നാനി താലൂക്കിൽ ആശങ്ക കുറഞ്ഞെന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്

Sharing is caring!