രാജ്യരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണം: പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യരക്ഷയെ ബാധിക്കുന്ന  സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം  വേണം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യരക്ഷയെ ബാധിക്കുന്ന കേരളം തന്നെ ഞെട്ടിയ സ്വര്‍ണക്കടത്തിനെ മുസ്്ലിംലീഗും യു.ഡി.എഫും അതീവ ഗൗരവമുള്ള വിഷയമാണ് കാണുന്നത്. നയതന്ത്ര ചാലന്‍ ഉപയോഗിച്ച് നടത്തിയ കള്ളക്കടത്ത് രണ്ട് രാജ്യങ്ങളെതന്നെ ബാധിക്കുന്നതാണ്. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം തന്നെയാണ് മുസ്്ലിംലീഗും യു.ഡി.എഫും ആവശ്യപ്പെടുന്നതെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
പ്രതിക്ക് നേരിട്ട് ബന്ധമുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാവില്ല. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ഉന്നത ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ശേഷമല്ലാതെ പങ്കില്ലെന്ന് ഭരണപക്ഷം ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ആരുമത് വിശ്വസിക്കുകയുമില്ല. തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണത്തിന്റെ പരിധിയില്‍ വരണം.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയിലും സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയെ കണ്ടെത്താനായിട്ടില്ല. ഐ.ടി മിഷനില്‍ ഏജന്‍സികള്‍വരികയും താത്കാലിക നിയമനം നടക്കുകയും സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ നിയമനം നേടിയ വ്യക്തി ഇത്തരമൊരു കേസിലെ മുഖ്യകണ്ണിയാവുന്നത് ആദ്യമാണ്. അതുകൊണ്ട് വ്യക്തമായ അന്വേഷണങ്ങളില്ലാതെ നടത്തിയ നിയനവും സംശയകരമാണ്. നിയമനത്തിനുള്ള യോഗ്യത, കോണ്‍സിലേറ്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നേടിയത് എന്നിവ സംബന്ധിച്ചും ദുരൂഹതയുണ്ട്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് പിന്‍ബലം നല്‍കുന്നത് ആരാണ്, സ്വര്‍ണം എവിടെ നിന്ന് വന്നു എങ്ങോട്ട് പോയി എന്നുള്ളതടക്കം അന്വേഷണപരിധിയില്‍ വരണം.
ഇത്തരം ഗൗരവമായ വിഷയങ്ങളുണ്ടാവുമ്പോള്‍ കോവിഡ് പശ്ചാതലത്തില്‍ പ്രക്ഷോഭങ്ങളുണ്ടാവില്ലെന്ന് ആരും വിചാരിക്കരുത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി യു.ഡി.എഫ് വൃച്വല്‍ പ്രതിഷേധസമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രവാസികള്‍ക്ക് വിദേശത്ത് മടങ്ങാനുള്ള
സൗകര്യമൊരുക്കണം: കുഞ്ഞാലിക്കുട്ടി

പ്രവാസികള്‍ക്ക് വിദേശത്തേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്രവിദേശകാര്യ സെക്രട്ടറിയോടും സിവില്‍ ഏവിയേഷന്‍ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ചാര്‍ട്ടേഡ് ഫ്ളൈറ്റിന് കാലതാമസമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇ പോലെ കോവിഡ് നിയന്ത്രണ വിധേയമാവുകയും സാധാരണഗതിയിലേക്ക് മാറുകയും ചെയ്ത രാഷ്ട്രങ്ങളിലേക്ക് തിരിച്ചുപോകാന്‍ പ്രവാസികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ആവശ്യവുമായി ബന്ധപ്പെട്ട നിരവധി പേര്‍ നിവേദനവുമായി വരുന്നുണ്ട്. ഇവര്‍ക്ക് സൗകര്യമൊരുക്കിയില്ലെങ്കില്‍ ജീവിതം വഴിമുട്ടി പോകും. ഈ സാഹചര്യം നാടിന് തന്നെ ദോഷകരമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!