മഞ്ചേരിമെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധം : ഉമ്മര്‍ എം.എല്‍.എ 9ന് ആശുപത്രിക്കു മുന്നില്‍ സത്യഗ്രഹമിരിക്കും

മഞ്ചേരിമെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധം : ഉമ്മര്‍ എം.എല്‍.എ 9ന്   ആശുപത്രിക്കു മുന്നില്‍  സത്യഗ്രഹമിരിക്കും

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എം എല്‍ എ എം.ഉമ്മര്‍ ആശുപത്രിക്ക് മുന്നില്‍ സത്യഗ്രഹമിരിക്കും. പ്രതിമാസം അഞ്ഞൂറോളം പ്രസവങ്ങള്‍, ആയിരത്തോളം ശസ്ത്രക്രിയകള്‍ നടക്കുന്ന ആശുപത്രിയില്‍ പ്രതിദിനം എത്തുന്നത് മുവ്വായിരത്തോളം പാവപ്പെട്ട രോഗികളാണ്. ഇവരെ പൂര്‍ണ്ണമായും തഴഞ്ഞ് കൊവിഡ് 19 ഐസൊലേഷന്‍ ആശുപത്രിയാക്കി മാറ്റിയത് അംഗീകരിക്കാനാവില്ല. നിലവില്‍ 400 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഇവരില്‍ നഗറ്റീവ് ആയവരെ ഉടന്‍ തിരിച്ചയക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പരിശോധന ഫലം നെഗറ്റീവ് ആയവരും പൊസിറ്റീവ് ആയവരുടെ കൂടെ കഴിയേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ നിലവിലുള്ളത്.
85 ഡോക്ടര്‍മാരെ വിവിധ ആശുപത്രികളിലേക്ക് സ്ഥലം മാറ്റി. ജനറല്‍ ആശുപത്രി ചെരണിയിലേക്ക് മാറ്റുമെന്ന വാഗ്ദാനം പാലിച്ചിരുന്നുവെങ്കില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന് ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും എം എല്‍ എ പറഞ്ഞു. കൊവിഡ് 19 ഐസൊലേഷനു വേണ്ടി മറ്റേതെങ്കിലും ആശുപത്രികളോ ഹജ്ജ് ഹൗസോ ഉപയോഗിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സകള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം. രാവിലെ 10 മണിക്ക് പി.കെ.കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എ പി അനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ ആവശ്യവുമായി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി എംഎല്‍എ നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രശ്നത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നാളിത് വാക്ക് പാലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രാജ്യം കോവിഡ് രോഗ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പരമാവധി സര്‍ക്കാറുമായി സഹകരിച്ച് പോവുകയെന്നതാണ് നയം. എന്നാല്‍ സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല എന്നതിനലാണ് പ്രത്യക്ഷ സമരവുമായി രംഗത്ത് വരേണ്ടിവരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എം എല്‍ എക്കൊപ്പം മുനിസിപ്പല്‍ സ്ഥിരസമിതി അദ്ധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദാലി, ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ് എന്നിവരും പങ്കെടുത്തു.

Sharing is caring!