മഅദിന്‍ ഗ്രീന്‍ ടാര്‍ഗറ്റ്; മൂവായിരം കുടുംബങ്ങള്‍ക്ക് തൈവിതരണം നടത്തി

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യപ്തത ഉറപ്പ് വരുത്തുന്നതിനും വിഷ രഹിത കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ ടാര്‍ഗറ്റ് പദ്ധതിയുടെ ഭാഗമായി 3000 കുടുംബങ്ങള്‍ക്ക് തൈ വിതരണം നടത്തി. മലപ്പുറം റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുസ്സമദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

മലപ്പുറം ജില്ലാ സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.എം മുഹമ്മദ് അഷ്‌റഫ്, മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ, മഅദിന്‍ മാനേജര്‍ സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുറഹ്്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജൂലൈ 1 മുതല്‍ 7 വരെ നീണ്ട് നില്‍ക്കുന്ന വനമഹോത്സവം-2020 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കാര്‍ഷിക രംഗത്ത് വിവിധ പദ്ധതികള്‍ ഇതിനകം മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. വിവിധയിനം പച്ചക്കറി വിത്തുകള്‍ വിതരണം, വാഴക്കന്ന് വിതരണം, കര്‍ഷകരെയും കുട്ടിക്കര്‍ഷകരെയും ആദരിക്കല്‍, കൈക്കോട്ട് വിതരണം, അഗ്രോസ്‌പേസ് അവാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. നിലവില്‍ മഅദിന്‍ അക്കാദമിയുടെയും ഓഫ് ക്യാമ്പസുകളുടെയും നൂറ് ഏക്കര്‍ ഭൂമിയിലെ കൃഷിക്ക് പുറമെ പതിനായിരം വീടുകളില്‍ മട്ടുപ്പാവ് കൃഷിയും ഉള്‍ക്കൊള്ളുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

മഅദിന്‍ കാമ്പസിലെയും ഓഫ് ക്യാമ്പസുകളിലേയും വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സ്‌നേഹ ജനങ്ങള്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വാഴക്കൃഷിക്ക് പുറമെ ചീര, വെണ്ട, പടവലം, വഴുതന, പയര്‍, ചിരങ്ങ, മത്തന്‍, തക്കാളി, മുളക്, കുമ്പളം, പാവയ്ക്ക, കപ്പ തുടങ്ങിയ പച്ചക്കറിയിനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *