മലപ്പുറത്ത് ഹോം ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന 35കാരന്‍ മരിച്ചു

മലപ്പുറത്ത് ഹോം  ക്വാറന്റെയിനില്‍  കഴിഞ്ഞിരുന്ന  35കാരന്‍ മരിച്ചു

മലപ്പുറം: കോവിഡ് സംശയത്തെ തുടര്‍ന്ന് മലപ്പുറത്ത് ഹോം ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന 35വയസ്സുകാരന്‍ മരിച്ചു. മലേഷ്യയില്‍ നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവാണ് മരിച്ചത്. മൂന്നിയൂര്‍ വെളിമുക്ക് പടിക്കല്‍ സ്വദേശി പരേതനായ വടക്കേ പുറത്ത് മുഹമ്മദിന്റെ മകന്‍ റിഷാദ് ( 35 ) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം15 നാണ് റാഷിദും സുഹൃത്തും മലേഷ്യയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയത്. തുടര്‍ന്ന് പടിക്കല്‍ വാടകവീട്ടില്‍ സുഹൃത്തുമൊത്ത് ഹോം ക്വാറന്റനില്‍ കഴിയുന്നതിനിടെ നെഞ്ചുവേദനയെത്തുടര്‍ന്നു ഇന്ന് വൈകിട്ട് മൂന്നിനാണ് ആശുപത്രിയില്‍ എത്തിച്ച് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ്‌ ടെസ്റ്റുകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. റിഷാദിന് മറ്റ് രോഗങ്ങളോ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുഹൈല മക്കള്‍: അദ്‌നാന്‍, ഇഷ. ഹോദരങ്ങള്‍: സൈതലവി, സലാം, മുസ്തഫ, വാഹിദ്, ജാഫര്‍, സുലൈഖ, മൈമൂന.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് രോഗബാധിതര്‍ കൂടിയപ്പോള്‍ മുന്നില്‍ മലപ്പുറം ജില്ല തന്നെയാണ്. മലപ്പുറം ജില്ലയില്‍ ഇന്നു മാത്രം 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള കണക്കു നോക്കുമ്പോഴും മലപ്പുറം തന്നെ മുമ്പില്‍. ഇന്ന് രോഗം ബാധിച്ചവരില്‍ എടപ്പാളിലെ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിലൊരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരു വയസുള്ള കുഞ്ഞിനും സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിദേശങ്ങളില്‍ നിന്നുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധക്കും കനത്ത വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നു കൊവിഡ് ബാധിച്ചവരുടെ എണ്ണം 211 ആയി ഉയര്‍ന്നിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലുമാണ് ഗുരുതര സാഹചര്യമുള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.
ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണം എന്നതാണ്. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Sharing is caring!