കാര്യലാഭത്തിനുള്ള ലീഗിന്റെ അവസരവാദ കൂട്ടുകെട്ട് അപകടം: കോടിയേരി

കാര്യലാഭത്തിനുള്ള ലീഗിന്റെ അവസരവാദ കൂട്ടുകെട്ട് അപകടം: കോടിയേരി

തിരുവനന്തപുരം: ഹിന്ദുത്വമുന്നണിക്കും മുസ്ലിം തീവ്രവാദ മുന്നണിക്കും എതിരായാണ് ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് വിവിധകക്ഷികളെ കൂട്ടുപിടിച്ച് ഹിന്ദുത്വമുന്നണിക്കു നേതൃത്വം നല്‍കുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ കൂട്ടുകെട്ടില്‍ മുസ്ലിം തീവ്രവാദികളുടെ കൂട്ടുകെട്ടുണ്ടാക്കുന്നു. ഇതിനെതിരേയാണ് ഇടതു മുന്നണിയുടെ പുറപ്പാടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗിന്റെ വര്‍ഗീയ നിലപാടിനെതിരേ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നുവന്നു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ഈ നിലപാടിനെ തുറന്നെതിര്‍ത്തിരിക്കുകയാണ്. 2010വരേ എസ്.ഡി.പി.ഐക്കെതിരേ കടുത്ത നിലപാടായിരുന്നു മുസ്ലിം ലീഗ് സ്വീകരിച്ചിരുന്നത്. ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം തന്നെ നടത്തി. എന്നാല്‍ ഇതെല്ലാം വിസ്മരിച്ചുകൊണ്ട് കാര്യലാഭത്തിനുള്ള അവസരവാദ കൂട്ടുകെട്ടിലേക്ക് മുസ്ലിം ലീഗ് നീങ്ങുന്നത് അപകടമാണ്.

മതനിരപേക്ഷയുടെ വക്താക്കളായ കോണ്‍ഗ്രസിനെങ്ങനെ ഇതിനു സാധിക്കുന്നുവെന്നും കോടിയേരി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേയും അറിവോടെയാണ് ലീഗിന്റെ ഈ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. ഇത്തരമൊരവസ്ഥ ശക്തമായ വര്‍ഗീയദ്രുവീകരണത്തിനാണ് വഴിയൊരുക്കുകയെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നിലപാട് ആര്‍.എസ്.എസിനാണ് ശക്തി പകരുക.
രണ്ട് വര്‍ഗീയശക്തികളേയും തുറന്നുകാട്ടാന്‍ മതേതരകക്ഷികള്‍ രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Sharing is caring!