പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലമ്പൂരില്‍ നിര്‍മിച്ച 12വീടുകള്‍ ജുലൈ മൂന്നിന് കൈമാറും

പീപ്പിള്‍സ് ഫൗണ്ടേഷന്‍  നിലമ്പൂരില്‍ നിര്‍മിച്ച 12വീടുകള്‍ ജുലൈ മൂന്നിന് കൈമാറും

മലപ്പുറം: കേരളത്തിന്റെ പ്രളയാനന്തര അതിജീവനത്തിന് വേണ്ടി രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച പീപ്പിള്‍സ് ഫൗണ്ടേഷന് മാതൃകയാകുന്നു. 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് സംഘടനക്ക് കീഴില്‍ ഇതുവരെ നടപ്പാക്കിക്കഴിഞ്ഞത്.
305പുതിയ വീടുകള്‍, 888 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 811 സ്വയം തൊഴില്‍ പദ്ധതികള്‍, 34 കുടിവെള്ള പദ്ധതികള്‍, 3100 ആരോഗ്യ കാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഭാഗമായി 2018ലെ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജ് ജൂലൈ 3 ന് വൈകുന്നേരം 4.00 മണിക്ക് ഗുണഭോക്താക്കള്‍ക്കായി സമര്‍പ്പിക്കും. 12 വീടുകളും കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്‍കൊള്ളുന്നതാണ് പീപ്പിള്‍സ് വില്ലേജ്.2018 ലെ പ്രളയകാലത്തെ നൊമ്പരമായിരുന്നു നിലമ്പൂര്‍ നമ്പൂരിപൊട്ടി പ്രദേശം. ഉരുള്പൊട്ടലിലും, മണ്ണിടിച്ചിലിലും നിരവധി കുടുംബങ്ങള്‍ക്കാണ് ഇവിടെ സര്‍വ്വതും നഷ്ടപ്പെട്ടത്. പ്രളയത്തെ അതിജീവിച്ച, സര്‍വ്വതും നഷ്ട്ടപ്പെട്ട 12 കുടുംബങ്ങള്‍ നിലമ്പൂര്‍ പീപ്പിള്‍സ് വില്ലേജിലൂടെ ജീവിതം തുടങ്ങുകയാണ്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ , കെ.കൃഷ്ണന്‍കുട്ടി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി.അമീര്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഈ പരിപാടിയില്‍ സംബന്ധിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി , പി.വി അബ്ദുല്‍ വഹാബ് എം.പി, അനില്‍ കുമാര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി.വി.അന്‍വര്‍ എം.എല്‍.എ, മലപ്പുറം കലക്ടര്‍ കെ.ഗോപാല കൃഷ്ണന്‍, ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ജമാഅത്തെ ഇസ്ലാമി കേരള അസി.അമീര്‍ പി.മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങള്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണ്ണന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം റെക്റ്റര്‍ അബ്ദുസ്സലാം വാണിയമ്പലം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് ,ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖരും വീഡിയോ കോണ്‍ഫറന്‍സ് വഴിയോ നേരിട്ടോ പരിപാടിയില്‍ പങ്കെടുക്കും.
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തത്സമയം പരിപാടി വീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. വീടുകളുടെ നിര്‍മാണവും, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനും പുറമെ തൊഴില്‍ പദ്ധതികള്‍, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍കിറ്റുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ഗവ. സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍മാര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 305 പുതിയ വീടുകള്‍, 888 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 811 സ്വയം തൊഴില്‍ പദ്ധതികള്‍, 34 കുടിവെള്ള പദ്ധതികള്‍, 3100 ആരോഗ്യ കാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വര്‍ഷം കൊണ്ട് പീപ്പിള്‍സ് ഫൗണ്ടേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. മലപ്പുറം നിലമ്പൂര്‍ നമ്പൂരിപെട്ടിയില്‍ നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജ്, വയനാട് പനമരം പീപ്പിള്‍സ് വില്ലേജ്, കോട്ടയം ഇല്ലിക്കല്‍, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജുകളും പുനരധിവാസ പദ്ധതികളില്‍ ശ്രദ്ധേയമായതാണ്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂര്‍ ശ്രീകണ്ഠപുരത്തെയും 600 ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും നടപ്പു വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും.പത്ര സമ്മേളനത്തില്‍ എം.കെ മുഹമ്മദലി (ചെയര്‍മാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), സഫിയ അലി (വൈസ്.ചെയര്‍മാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), എം. അബ്ദുല്‍ മജീദ് (സെക്രട്ടറി, പീപ്പിള്‍സ് ഫൗണ്ടേഷന്‍), സാദിഖ് ഉളിയില്‍ (ട്രസ്റ്റ് മെമ്പര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), ഹമീദ് സാലിം (എക്സിക്യൂട്ടിവ് ഡയറക്ടര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), സലീം മമ്പാട് (ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം), അബൂബക്കര്‍ കരുളായി (ജില്ലാ കോഡിനേറ്റര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ മലപ്പുറം) എന്നിവര്‍ പങ്കെടുത്തു.

Sharing is caring!