മലപ്പുറത്തുകാരുടെ അഭിമാനം ഹാറൂണിന് അഭിനന്ദന പ്രവാഹം

മലപ്പുറത്തുകാരുടെ  അഭിമാനം ഹാറൂണിന്  അഭിനന്ദന പ്രവാഹം

മലപ്പുറം : എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഹാറൂണിന് അഭിന്ദന പ്രവാഹം. എസ് എസ് എല്‍ സി പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപനം നടത്തിക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഹാറൂണിനെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കാഴ്ചാ പ്രതിസന്ധി അനുഭവിക്കുന്ന ഒരു കുട്ടി സ്‌ക്രൈബിന്റെ സഹായമില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആദ്യമായി പരീക്ഷ എഴുതുന്നു എന്ന റെക്കാര്‍ഡ് കൂടി ഹാറൂണിന് സ്വന്തമായി. കേരളത്തില്‍ ആദ്യമായാണ് ഒരു കുട്ടി ഇങ്ങനെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. സൂപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഇതിനു മുമ്പ് ഒരു കുട്ടി ദേശീയ തലത്തില്‍ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാറിന്റെ പിന്തുണയോട് കൂടി ഒരു കുട്ടി പരീക്ഷ എഴുതുന്നത്. അതേ സമയം സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയോട് കൂടി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന ആദ്യ വിദ്യാര്‍ത്ഥി ഹാറൂണ്‍ ആണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രത്യേക ഉത്തരവിട്ടതോടെയാണ് ഹാറൂണിന് പരീക്ഷ എഴുതാന്‍ അവസരമൊരുങ്ങിയത്.
പരീക്ഷാഫലം വന്നതോടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഹാറൂണിന് അഭിനന്ദന പ്രവാഹമാണ് നാനാമേഖലയില്‍ നിന്നുമുണ്ടായത്. റിസല്‍ട്ട് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹാറൂണിനെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. പിന്നീട് ഹാറൂണിനെ നേരിട്ട് അദ്ദേഹം ഫോണിലൂടെ അഭിനന്ദിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും , ഡി ജി ഇ കെ.ജീവന്‍ബാബു ഐ എ എസും , മലപ്പുറം ഡി ഡി ഇ കെ എസ് കുസുമവും ഹാറുണിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. നിരവധി സന്നദ്ധ സംഘടനകളുടെയും, ക്ലബുകളുടെയും ആഭിമുഖ്യത്തിലും പ്രത്യേകമായ അഭിനന്ദന യോഗങ്ങള്‍ നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി വിദ്യാഭ്യാസ വകുപ്പിന്റെ ഉപഹാരം വീട്ടിലെത്തി നല്‍കി ആദരിക്കുകയുണ്ടായി.

Sharing is caring!