സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

സമൂഹവ്യാപനം സംശയിക്കുന്ന  പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

മലപ്പുറം: സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 6 വരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കിലെ 1500 പേര്‍ക്ക് സമൂഹവ്യാപന പഠനം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എടപ്പാളില്‍ കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുമായി ഇരുപതിനായിരത്തോളം പേര്‍ക്കു സമ്പര്‍ക്കമുണ്ടായിരുന്നതായി വിലയിരുത്തല്‍.

ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. നിലവില്‍ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാര്‍ഡുകളും മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. മേഖലയില്‍ റാന്‍ഡം സാംപിള്‍ പരിശോധന നാളെ ആരംഭിക്കും രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, ആശാവര്‍ക്കര്‍മാര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവരടക്കം 1500 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.

ഒരു കുടുംബത്തിലെ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ 2 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ചൊവ്വ, ബുധന്‍ പഞ്ചായത്ത് അടച്ചിടും. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളായ 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി.

Sharing is caring!