സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ നീക്കത്തിനെതിരെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭിന്നതകളുടെ സൗഹൃദം; മുഹ്‌സിന്‍ പരാരി

സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ  നീക്കത്തിനെതിരെ ഉയര്‍ത്തിപ്പിടിക്കേണ്ടത്  ഭിന്നതകളുടെ സൗഹൃദം;  മുഹ്‌സിന്‍ പരാരി

മലപ്പുറം: വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ താല്‍ക്കാലിക പിന്മാറ്റത്തില്‍ വിശദീകരണവുമായി സംവിധായകന്‍ മുഹ്സിന്‍ പരാരി. സംഘപരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ഭിന്നതകളുടെ സൗഹൃദമാണ് വേണ്ടതെന്നും, താനും ആഷിഖും ഈ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്നും പരാരി കുറിക്കുന്നു. ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണെന്നും പ്രതിലോമപരമായ ആശയങ്ങളും വിദ്വേശപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണമെന്നും മുഹ്‌സിന്‍ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്നലെ സിനിമയില്‍ നിന്നും തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്മാറുന്നതായി ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഉദ്ദേശ ശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനെയും ബോധ്യപ്പെടുത്താന്‍ റമീസിന് ബാധ്യതയുണ്ടെന്നാണ് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കിയത്.

മുഹ്‌സിന്‍ പരാരിയുടെ കുറിപ്പ്

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു. പ്രതിലോമപരമായ ആശയങ്ങളും വിദ്വേശപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വെക്കുന്നു.

Sharing is caring!