മലപ്പുറത്തെ നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശന നിയന്ത്രണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറത്തെ നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശന നിയന്ത്രണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. പുല്‍പറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡും പൊന്നാനി നഗരസഭയിലെ 01, 02, 03, 50, 51 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും

ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യതയില്‍ കലക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന കോവിഡ് പ്രതിരോധ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ജൂണ്‍ 27 ന് മാത്രം 47 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെയും സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗബാധയുണ്ടായ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും നിയന്ത്രണത്തിനുമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലുള്ള 1,500പേരുടെസ്രവ പരിശോധന നടത്തും. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്ററി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേരുടെയും ആശാവര്‍ക്കര്‍മാര്‍, കോവിഡ് വളണ്ടിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേരുടെയും സ്രവ പരിധന നടത്തും. ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേരുടെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകരുടെയും സ്രവ പരിശോധനയുമാണ് നടത്തുക. ഇതിനാവശ്യമായപരിശോധനാ കിറ്റുകള്‍ ഇന്ന് (ജൂണ്‍ 29) ജില്ലയിലെത്തിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പമ്പുകള്‍ രാവിലെ രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പാര്‍സല്‍ മാത്രം അനുവദിക്കും.

അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണം. സന്ദര്‍ശനം അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിച്ച് മാത്രമെ പോകാവു. അയല്‍ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുമായി ഗുഡ്സ് വാഹനങ്ങള്‍ ഓടുന്നതിന് തടസമില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്കിലൂടെ അനൗന്‍സ്‌മെന്റ് നടത്തും.
കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യല്‍മീഡിയകളിലുള്‍പ്പടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍
ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലിലെ 0483- 2733251, 2733252, 2733253 നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാവു. സ്രവ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ ലംഘനം കണ്ടെത്തുന്നതിന് വാര്‍ഡുതല ജാഗ്രത സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ സന്ദര്‍ശനങ്ങള്‍, ബന്ധുവീടുകളിലെ സന്ദര്‍ശനം എന്നിവ പരമാവധി ഒഴിവാക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എ.ഡി.എം എന്‍.എം. മെഹറലി, ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സിറിയക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കോവിഡ് 19; വീടുകളില്‍ നിരീക്ഷണത്തിന്
സൗകര്യമുള്ളവര്‍ ഹോം ക്വാറന്റീന്‍ തെരഞ്ഞെടുക്കണം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങള്‍/ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി സ്വന്തം വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റീന്‍ തെരഞ്ഞെടുക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ആന്‍ഡ് കോവിഡ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ജില്ലയില്‍ 17 പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 171 കോവിഡ് കെയര്‍ കേന്ദ്രങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ 22 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വേേു:െ//രീ്ശറ19ഷമഴൃമവേമ.സലൃമഹമ.ിശര.ശി ല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. വീടുകളിലും പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലും താമസിക്കാന്‍ കഴിയാത്തവര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായോ സെക്രട്ടറിയുമായോ ബന്ധപ്പെട്ട് സ്വന്തം പ്രദേശത്തെ കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശനം ഉറപ്പു വരുത്തണം. ക്വാറന്റീനില്‍ കഴിയാന്‍ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത അടിയന്തിര സാഹചര്യങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കും.

കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന മലപ്പുറം സ്വദേശികളെ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നവരെ അവിടെയുമുള്ള കണ്‍ട്രോള്‍ സെല്ലുകളില്‍ നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് ഹോം/പെയ്ഡ്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സെന്ററുകളിലേക്ക് അയക്കുന്നത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്നവര്‍ 14 ദിവസം മുറിയിലും 14 ദിവസം വീട്ടിലുമായി 28 ദിവസമാണ് നിരീക്ഷണം പൂര്‍ത്തിയാക്കേണ്ടത്. കോവിഡ് കെയര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം നമ്പറായ 7736201213 ല്‍ ബന്ധപ്പെടാം.

Sharing is caring!