വാരിയംകുന്നനിലേക്ക് തെറ്റു തിരുത്തി തിരിച്ചു വരും; റമീസ്

മലപ്പുറം: വാരിയംകുന്നൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിൻമാറിയതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയായി റമീസ് തന്നെ ഇന്ന് രം​ഗതെത്തുകയായിരുന്നു. തന്നെ ആരും മാറ്റിയതല്ലെന്നും താൻ തന്നെ പിൻമാറിയതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. റമീസ് ഫേസ്ബുക്കിൽ കുറിച്ച സ്ത്രീവിരുദ്ധ നിലപാടുകളും, മതമൗലിക വാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളും വിവാദമായിരുന്നു.

സ്ത്രീവിരുദ്ധ നിലപാടുകൾ ചെറിയ പ്രായത്തിലെ പക്വത ഇല്ലായ്മയാണെന്ന് റമീസ് പറയുന്നു. ചിത്രത്തിന്റെ സഹ രചയിതാവായ റമീസിന്റെ നിലപാടുകൾക്കെതിരെ ഇടതു സൈബർ ​ഗ്രൂപ്പുകളടക്കം രം​ഗത്ത് വന്നിരുന്നു. ആരോപണങ്ങളിൽ സ്വയം തെറ്റെന്ന് കരുതുന്ന കാര്യങ്ങളിൽ ക്ഷമ പറഞ്ഞിട്ടുണ്ട്. ബാക്കി പല ആരോപണങ്ങളും കെട്ടിച്ചമച്ചതാണ്.

പ്രിഥിരാജ് നായകനാകുന്ന സിനിമ ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ 2021ൽ സിനിമ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.

എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *