തീരദേശവാസികളുടെ കായിക സ്വപ്നത്തിന് ചിറക് നൽകി ഉണ്യാലിൽ സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്

തീരദേശവാസികളുടെ കായിക സ്വപ്നത്തിന് ചിറക് നൽകി ഉണ്യാലിൽ സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്

താനൂർ: തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂർ ഉണ്യാൽ സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. ഗ്യാലറിയും ഷോപ്പിംഗ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള താനൂർ ഉണ്യാൽ സ്റ്റേഡിയം നിർമ്മാണം ഒരു മാസത്തിനകം തുടങ്ങും. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രവൃത്തി എത്രയും വേഗം തുടങ്ങാനാകുമെന്ന് വി അബ്ദുറഹ്മാൻ എം എ.ൽ എ വ്യക്തമാക്കി.

ഗ്യാലറിയ്ക്കും 28 കടമുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സിനുമൊപ്പം ഫുട്ബോൾ ഗ്രൗണ്ട്, ജിംനേഷ്യം, ബാഡ്മിന്റൻ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് കോർട്ട്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുമുള്ള സ്റ്റേഡിയം നിർമ്മാണം പത്ത് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ കെ മുഹമ്മദ് കോയ പറഞ്ഞു. 4.95 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം.

ഹാർബർ എഞ്ചിനീയറിംഗ് വിഭാഗമാണ് സ്‌റ്റേഡിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. താനൂർ ഉണ്യാലിൽ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂമി സ്‌റ്റേഡിയം നിർമ്മാണത്തിനായി അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക പ്രതിഭകൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കലും സ്റ്റേഡിയം പദ്ധതിയുടെ ലക്ഷ്യമാണ്.

ഉണ്യാലിന് പുറമെ ചെറിയ മുണ്ടം, താനാളൂർ, കാട്ടിലങ്ങാടി ഹയർ സെക്കന്ററി സ്കൂൾ, താനൂർ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലും സ്റ്റേഡിയങ്ങൾ പണിയുന്നുണ്ട്. കി ഫ്ബി മുഖേന അനുവദിച്ച 10 കോടി രൂപ ചെലവിൽ കാട്ടിലങ്ങാടിയിൽ സ്‌റ്റേഡിയം പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. അതേ സമയം ചെറിയമുണ്ടത്ത് പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

Sharing is caring!