വാരിയംകുന്നൻ സിനിമയ്ക്ക് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ

വാരിയംകുന്നൻ സിനിമയ്ക്ക് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ

മലപ്പുറം: വാരിയംകുന്നൻ സിനിമയ്ക്ക് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിവാദമായ സിനിമാ പ്രഖ്യാപനത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമ്പോൾ ചരിത്രത്തോടെ നീതി പുലർത്തുന്നതാകണമെന്ന് ബദൽ ചിത്രവുമായി വരുന്ന സംഘപരിവാറിനെ അദ്ദേഹം ഓർമിപ്പിച്ചു.

ലേഖനത്തിന്റെ പൂർണരൂപം

കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പ്രഖ്യാപിച്ചതോടെയാണ് കാവിപ്രതിഷേധം. സമാനവിഷയത്തിൽ പി ടി കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വെങ്ങരയും സിനിമയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബദലായി ആർഎസ്എസ് കാഴ്ചപ്പാടിലുള്ള സിനിമയെടുക്കുമെന്ന് മറ്റൊരാളും പറഞ്ഞിട്ടുണ്ട്. പക്ഷേ, ചലച്ചിത്രം ചരിത്രത്തോട് നീതിപുലർത്തിയാലേ അത് കാലത്തെ അതിജീവിക്കൂ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാർകലാപത്തെ കഥാതന്തുവാക്കി സിനിമ പാടില്ലെന്ന് ശഠിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. 1921 എന്ന സിനിമ മുമ്പ് വന്നിരുന്നു. അന്നില്ലാത്ത ചന്ദ്രഹാസമിളക്കലാണ് ഇപ്പോൾ. ആഷിഖ് അബുവും പൃഥ്വിരാജും ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായം. പ്രവാസി മടങ്ങിവരവ് വിഷയത്തിൽ എൽഡിഎഫ് സർക്കാർ വിഷമത്തിലായിരിക്കുകയാണെന്നും അതിൽനിന്ന്‌ രക്ഷനേടാനുള്ള സൂത്രമാണ് സിനിമാപ്രഖ്യാപനത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന വിവാദമെന്നുള്ള നിരീക്ഷണവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മൂന്നു കാര്യം പരിശോധിക്കേണ്ടതുണ്ട്.

ഒന്ന്. മലബാർ കലാപം സ്വാതന്ത്ര്യസമരമോ ഹിന്ദുവിരുദ്ധ വർഗീയ ലഹളയോ എന്നതാണ് ഉത്തരം തേടേണ്ട ആദ്യത്തെ വിഷയം. മലബാർ കലാപത്തിന്റെ മുഖ്യഘടകം അത് ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ കർഷകമുന്നേറ്റമായിരുന്നു എന്നതാണ്. അവസാനഘട്ടത്തിൽ കലാപം ഹിന്ദു–-മുസ്ലിം ശത്രുതയുടെ കെണിയിൽ വീണുപോയിട്ടുണ്ട്. ഇതുകൊണ്ടാണ് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ ഇ എം എസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണം ദേശാഭിമാനി കണ്ടുകെട്ടി. ബ്രിട്ടീഷ് ഭരണത്തിൽനിന്ന്‌ രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ സമുദായങ്ങളിലടക്കം ലക്ഷോപലക്ഷം പേർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അത്തരം രക്തസാക്ഷി പട്ടികയിലെ തിളങ്ങുന്ന നാമമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

രണ്ട്. ചരിത്രം മറച്ചുപിടിക്കാൻ സംഘപരിവാർ നടത്തുന്ന അക്രമാസക്ത നടപടികളുടെയും ഭീഷണികളുടെയും വിപത്താണ് പരിഗണിക്കേണ്ട മറ്റൊരു വിഷയം. അമ്പലമുറ്റത്ത് അനുമതി വാങ്ങി പടുത്തുയർത്തിയ പള്ളിയുടെ സിനിമാസെറ്റ് ഹിന്ദുവർഗിയശക്തികൾ തകർത്ത സംഭവം ആലുവയിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ, പ്രകാശ് രാജ്, വിജയ്, ദീപിക പദുക്കോൺ തുടങ്ങിയവർക്കെതിരെ നേരത്തെ കാവിഭീഷണിയുടെ ഫണം വിരിച്ചിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുത വളരുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്നു വിളിച്ച് പാകിസ്ഥാനിൽ പോകാൻ തീട്ടൂരം പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ ചിത്രം ബഹിഷ്‌കരിക്കാൻ യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. ഷാരൂഖ്– -സൽമാൻ–- ആമിർഖാൻമാരുടെ ചിത്രങ്ങൾ ഇന്ത്യക്കുവേണ്ടെന്ന ധാർഷ്ട്യവും വിവരക്കേടുമായിരുന്നു സാധ്വി പ്രാചിയിൽനിന്നുമുണ്ടായത്. ‘വാട്ടർ’മുതൽ ‘പത്മാവത്‌’വരെയുള്ള ചിത്രങ്ങൾക്കെതിരെ വടിവാളുയർത്തിയത് മറക്കാറായിട്ടില്ല.

ലോകത്തിലെതന്നെ ഏറ്റവും ആരാധകരുള്ള ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാൻ. സ്വാതന്ത്ര്യസമരസേനാനി മീർ താജ് മുഹമ്മദിന്റെ മകനാണ്. കോവിഡ്കാലത്തും തീവ്രഹിന്ദുത്വവിഷം ചീറ്റുന്നതിന് അറുതിയില്ല എന്നാണ് സംഘപരിവാർ ഭീഷണി വിളിച്ചറിയിക്കുന്നത്. അതിനാൽ, വർഗീയവിഷനാവുകളെ കെട്ടാനായി എല്ലാ ജനാധിപത്യമനസ്സുകളും ഉണരണം.

മൂന്ന്. മലബാർ കലാപം ഹിന്ദുവിരുദ്ധ മുസ്ലിം ആക്രമണമായിരുന്നു എന്നും പ്രവാസി വിഷയത്തിൽ കേരളസർക്കാർ ഒറ്റപ്പെട്ടിരിക്കയാണെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായത്തിന്റെ കാമ്പില്ലായ്മ പരിശോധിക്കാം. നൂറ് വർഷംമുമ്പ് ബ്രിട്ടീഷുകാർക്കും ജന്മിമാർക്കും എതിരായി നടന്ന കർഷകമുന്നേറ്റമാണ് മലബാർകലാപം. ഇതിനെ മാപ്പിളലഹള എന്ന് ബ്രിട്ടീഷുകാരും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരു വിഭാഗവും മുദ്രകുത്തി. എന്നാൽ, ഇത് കർഷകമുന്നേറ്റമാണെന്നും അവസാനം വർഗീയകലാപത്തിന്റെ സ്വഭാവത്തിലേക്ക് വഴുതിവീണെന്നുമുള്ള വിലയിരുത്തൽ ഇ എം എസ് നടത്തി. ആദ്യ കോൺഗ്രസ്‌ നേതാവും പിന്നീട് കമ്യൂണിസ്റ്റുമായ ഇ എം എസാണ് ഈ വാദമുഖം കൂടുതൽ ശക്തിയായി അവതരിപ്പിച്ചത്. അതിനുവേണ്ടി മാപ്പിളമാർ ഹിന്ദുക്കളെ ആക്രമിച്ചതായി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അതിന്റെ സ്വഭാവവുംവരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രദ്ധാപൂർവം അപഗ്രഥിച്ചാൽ കുറ്റകൃത്യങ്ങളിൽ 80 ശതമാനവും മാപ്പിള കുടിയാന്മാർ ഹിന്ദുജന്മിമാർക്കോ അവരുടെ സേവകർക്കോ പൊലീസ് സംഘത്തിനോ എതിരായി നടത്തിയതാണ്. ജന്മിമാരിൽ ബഹുഭൂരിപക്ഷവും നമ്പൂതിരിമാരും രാജകുടുംബത്തിൽപെട്ടവരും ആയ ഹിന്ദുക്കളായിരുന്നു. കുടിയാന്മാരാകട്ടെ മാപ്പിളമാരും. വർഗീയ സംഭവങ്ങളിൽ ചെറിയൊരു ശതമാനംമാത്രമാണ് ചില മതഭ്രാന്തന്മാർ ചെയ്തുകൂട്ടിയത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ മഹത്തായ കർഷകസമരത്തെ വർഗീയലഹളയായി തരംതാഴ്ത്തരുത് എന്ന നിലപാടാണ് ഇ എം എസും കമ്യൂണിസ്റ്റ്‌ പാർടിയും സ്വീകരിച്ചത്. ഭൂരിപക്ഷം ചരിത്രകാരന്മാർക്കും ഇതേ നിലപാടായിരുന്നു.

Sharing is caring!