ഫഹ്മയും പഠിക്കുന്നു.. സ്മാര്‍ട്ടായി

ഫഹ്മയും  പഠിക്കുന്നു.. സ്മാര്‍ട്ടായി

മലപ്പുറം: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം സജീവമാകുമ്പോഴും ഇരുമ്പുഴിയിലെ ഫഹ്മ സെഫീറിന്റെ ഉമ്മ ജെസ്നക്ക് ആശങ്ക ഏറെയായിരുന്നു. ഭിന്നശേഷിക്കാരിയായ മകള്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ പഠനം സാധ്യമല്ല. അധ്യയനം മുടങ്ങുമോ എന്നായിരുന്നു വിഷമം. ഒടുവില്‍ ആശ്വസമായത് സര്‍ക്കാര്‍ ആരംഭിച്ച ‘വൈറ്റ് ബോര്‍ഡ്’ പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി. പഠനത്തിനാവശ്യമായ വീഡിയോകള്‍ എല്ലാ ദിവസവും വാട്സ് ആപിലൂടെ ലഭിക്കും. ഇരുമ്പുഴി ഗോവിന്ദ് മെമ്മോറിയല്‍ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫഹ്മയെ സഹായിക്കുന്നത് ബിആര്‍സി റിസോഴ്സ് അധ്യാപികയായ ഉമ്മയാണ്.
ജില്ലയില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 3371 ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളത്. ബുദ്ധി പരിമിതിയുള്ളവര്‍ 1796, കാഴ്ചക്കുറവുള്ളവര്‍ – -352, കേള്‍വിക്കുറവുള്ളവര്‍ – -142, സെറിബ്രല്‍ പാള്‍സി – -536, ഓട്ടിസം ബാധിച്ചവര്‍ 71, പഠന വൈകല്യമുള്ളവര്‍ – -147, മറ്റ് വെല്ലുവിളികള്‍ നേരിടുന്നവര്‍ – -327 കുട്ടികള്‍ വീതമാണുള്ളത്. ബ്ലോക്കില്‍ ഒരേ മേഖലയില്‍ വരുന്ന പരമാവധി 15 കുട്ടികളുടെവീതം ചുമതല ബിആര്‍സിയിലെ ഒരു റിസോഴ്സ് അധ്യാപകര്‍ക്കാണ്. ഈ അധ്യാപകരാണ് കുട്ടികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പുകള്‍ ആരംഭിച്ച് വീഡിയോകള്‍ അയക്കുന്നത്. സംശയ ദൂരികരണത്തിന് രക്ഷിതാക്കള്‍ക്ക് അധ്യാപകരെ നേരിട്ടും ഫോണില്‍ വിളിക്കാം. അധിക പ്രവര്‍ത്തനത്തിന് ആവശ്യമായ വര്‍ക്ക് ഷീറ്റുകളും കുട്ടികള്‍ക്ക് നല്‍കും. സംസ്ഥാനതലത്തില്‍ ആരംഭിച്ച വൈറ്റ് ബോര്‍ഡ് യൂട്യൂബ് ചാനലില്‍നിന്നാണ് അധ്യാപകര്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത്. അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ബിആര്‍സി പ്രതിനിധികളെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ ആരംഭിച്ച ട്രയല്‍ ക്ലാസുകള്‍ വെള്ളിയാഴ്ച സമാപിക്കും. പോരായ്മകള്‍ പരിഹരിച്ച് തിങ്കളാഴ്ചമുതല്‍ ടൈംടേബിള്‍ പ്രകാരം ക്ലാസുകള്‍ ആരംഭിക്കും.

Sharing is caring!