കരിപ്പൂരിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നും സ്വര്‍ണക്കടത്ത്

കരിപ്പൂരിലെത്തിയ  ചാര്‍ട്ടേഡ് വിമാനത്തില്‍  ഇന്നും സ്വര്‍ണക്കടത്ത്

മലപ്പുറം: കോവിഡില്‍ കുടുങ്ങിയ പ്രവാസികളെ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നും സ്വര്‍ണ കടത്ത്. കോവിഡ് 19 പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസും സ്വര്‍ണക്കടത്ത് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി പിടിയില്‍. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ജിതിനില്‍ (28) നിന്നു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 30 ലക്ഷം രൂപ വില വരുന്ന 736 ഗ്രാം സ്വര്‍ണമാണ് പരിശോധനയില്‍ കണ്ടെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
തിങ്കളാഴ്ചയും ചാര്‍ട്ടര്‍ വിമാനത്തിലെത്തിയ നാലു പേരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചിരുന്നു. ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ട് കെ.പി. മനോജ്, ഇന്‍സ്പെക്ടര്‍മാരായ എം. ജയന്‍, പ്രേംപ്രകാശ് മീണ, യോഗേഷ് യാദവ്, മിനിമോള്‍, ഹവില്‍ദാര്‍ സി. അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
വിദേശത്ത് നിന്നും മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി. ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാല് പേരില്‍ നിന്നാണ് ഇന്നലെ സ്വര്‍ണം പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് 81 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്. മലപ്പുറം എടക്കര സ്വദേശി ജിത്തു, തലശ്ശേരി സ്വദേശികളായ നഫീസുദ്ദീന്‍, ഫഹദ്, പാനൂര്‍ സ്വദേശി മുബഷിര്‍ എന്നിവരില്‍ നിന്നും 2.21 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യ വിമാനത്തിലെത്തിയ ജിത്തുവില്‍ നിന്നും 1,153 ഗ്രാമാണ് പരിശോധനയില്‍ കണ്ടെടുത്തത്. ദുബൈയില്‍ നിന്നുളള ഫ്ലൈ ദുബൈ വിമാനത്തിലാണ് മറ്റ് മൂന്ന് പേരും എത്തിയത്. നഫീസുദ്ധീനില്‍ നിന്നും 288 ഗ്രാം, ഫഹദില്‍ നിന്നും 287 ഗ്രാം, ബഷീറില്‍ നിന്നും 475 ഗ്രാമുമാണ് പിടിച്ചത്. അടിവസ്ത്രത്തിനുളളിലായിരുന്നു നാല് പേരും സ്വര്‍ണം ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീര്‍, എസ്. ആശ, ഇന്‍സ്പെക്ടര്‍മാരായ രാമേന്ദ്ര സിങ്, സുമിത് നെഹ്റ, ജി. നേരഷ്, ഹവില്‍ദാര്‍ എം.എല്‍. രവീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

Sharing is caring!