വാരിയംകുന്നൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വാരിയംകുന്നൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്തിനെ ബഹുമാനിച്ച് കൊണ്ടാണ് കേരളം എല്ലാകാലവും പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന പേരിൽ സിനിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉളവെടുത്തത്. വാരിയംകുന്നൻ വർ​ഗീയവാദി ആയിരുന്നുവെന്ന വാദവുമായി സിനിമയ്ക്കെതിരം സംഘപരിവാർ സംഘടനകളും, ബി ജെ പിയും രം​ഗത്ത് വരികയായിരുന്നു.

സിനിമയെ കുറിച്ചുള്ള കോലാഹലങ്ങൾ അറിഞ്ഞോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ പടനായകനാണ്. വിവാദം എന്റെ ശ്രദ്ധയിലില്ല. പക്ഷെ അദ്ദേഹം ഒരു പടനായകനാണെന്ന് ഓര്‍ക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചു കൊണ്ടാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. വര്‍ഗീയ ചിന്തയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോ എന്നെനിക്കറിയില്ല’, മുഖ്യമന്ത്രി പറഞ്ഞു.

വർ​ഗീയവാദിയായ വാരിയംകുന്നത്തിനെ മഹത്വവൽക്കരിക്കുന്ന സിനിമയിൽ നിന്ന് പ്രിഥിരാജ് പിൻമാറണമെന്ന ആവശ്യവുമായി സംഘപരിവാർ നേതാക്കൾ രം​ഗതെത്തിയിരുന്നു. ഹിന്ദുക്കളെ മലബാർ ലഹളയുടെ പേരിൽ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ആളാണ് വാരിയംകുന്നനെന്നാണ് സംഘപരിവാറിന്റെ ആരോപണം. മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ 2021ൽ സിനിമ പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

Sharing is caring!