സുല്‍ത്താന്‍ ഖാബൂസിനെ കുറിച്ചുള്ള മലപ്പുറത്തുകാരന്റെ അറബി ഗ്രന്ഥം രാഹുല്‍ഗാന്ധി പ്രകാശനം ചെയ്യും

സുല്‍ത്താന്‍ ഖാബൂസിനെ  കുറിച്ചുള്ള മലപ്പുറത്തുകാരന്റെ അറബി ഗ്രന്ഥം രാഹുല്‍ഗാന്ധി പ്രകാശനം ചെയ്യും

മലപ്പുറം: ആധുനിക ഒമാന്റെ ശില്‍പിയും മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജീവിതവഴിയൊരുക്കിയ മുന്‍ ഒമാന്‍ ഭരണാധികാരിയുമായ സുല്‍ത്താന്‍ ഖാബൂസു ബിന്‍ സഈദിനെ കുറിച് കെ.എം അലാവുദ്ധീന്‍ ഹുദവി പുത്തനഴി അറബിയില്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ ജീവിത ചരിത്ര ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങി. അസ്സുല്‍ത്താന്‍ ഖാബൂസ് : ഖിസ്സത്തു വഫാഇന്‍ വബിനാ എന്ന അറബി ഗ്രന്ഥം സൈത്തൂന്‍ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. ജൂലൈ ആദ്യവാരത്തില്‍ തിരുവനത്തപുരത്ത വെച്ചു നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന് കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്യും. സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍- റാബിത്ത മാഗസിനുള്‍പ്പെടെ നിരവധി അന്തര്‍ദേശീയ അറബിക് മാഗസിനുകളുടെ സ്ഥിരം ലേഖകന്‍ കൂടിയായ അലാവുദ്ധീന്‍ അറബി സാഹിത്യത്തില്‍ എം. ഫിലും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ പി.ജിയും മൂന്നാം റാങ്കോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കീട്ടുണ്ട് . കാലിക്കറ്റ് യൂണിവേഴ്‌സ്റ്റിക്ക് കീഴിലുള്ള പെരിന്തല്മണ്ണണ്ണ പി.ടി.എം ഗവ. കോളേജിലെ അറബിക് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ ഹുദവി .
അറബ് ലോകത്തെ ധൈഷണിക പ്രതിഭ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാംസ്‌കാരിക വ്യവഹാരങ്ങളെ കുറിച്ചുള്ള ഹുദവിയുടെ രണ്ട് പുസ്തകങ്ങള്‍, കഴിഞ്ഞ ഷാര്‍ജാ അന്താരാഷ്ര്ട പുസ്തകോത്സവത്തില്‍ ഷാര്‍ജ ഭരണാധികാരി പ്രകാശനം ചെയ്തിരുന്നു. ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി, ന്യൂനപക്ഷ രാഷ്ര്ടീയത്തിന് സ്വന്തം ജീവിതം കൊണ്ട് ദിശാബോധം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുളള അറബി ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രമുഖ യു.എ.ഇ കവി ശിഹാബ് ഗാനിമിന്റെ അറബി കവിതാ സമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Sharing is caring!