പ്രവാസികളോടുള്ള അവഗണന മുസ്ലിംലീഗ് എം.എല്‍.എമാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും

പ്രവാസികളോടുള്ള  അവഗണന മുസ്ലിംലീഗ്  എം.എല്‍.എമാര്‍ ഇന്ന്  സെക്രട്ടേറിയറ്റിന്  മുന്നില്‍ ധര്‍ണ്ണ  നടത്തും

മലപ്പുറം: പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ മുസ്ലിംലീഗ് എം.എല്‍.എമാര്‍ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാര്‍ഡ് തലങ്ങളില്‍ പ്രവാസി കുടുംബങ്ങള്‍ അണിനിരക്കുന്ന സമരവും നടക്കും.
മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണ്. ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഇത്തരമൊരു നിബന്ധന. യൂറോപ്പില്‍ നിന്നടക്കമുള്ളവര്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. പത്തോളം പേര്‍ ഒരേ മുറയില്‍ താമസിക്കുമ്പോള്‍ ഇതിലൊരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവരും കഷ്ടത്തിലാവുന്ന സ്ഥിതിയാണ് ഗള്‍ഫ് നാടുകളില്‍. മാസങ്ങളായി പ്രവാസികള്‍ പട്ടിണിയിലാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് യാതൊരു വിധസഹായവും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുപോലുമില്ല. വളരെ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഒരുക്കിയത്. ഇത് പോരാതെ വന്നതോടെ കെ.എം.സി.സി ഉള്‍പ്പടെ ചാര്‍ട്ടേഡ് വിമാനങ്ങളും ഒരുക്കി. എന്നാല്‍ തുടക്കം മുതല്‍ പ്രവാസികളുടെ മടങ്ങിവരവിന് തടയിടാനുള്ള ശ്രമമാണ് കേരള സര്‍ക്കാറിന്റേത്. ഇതില്‍ ഒടുവിലത്തേതാണ് ട്രൂനാറ്റ് ടെസ്റ്റ് നടത്തണമെന്നുള്ള നിര്‍ദേശം. ഇതിനുള്ള ഉപകരണം കേരളം നല്‍കുമെന്ന് പറയുമ്പോഴും കേന്ദ്രത്തിന്റെയും ഗള്‍ഫ് ഭരണകൂടങ്ങളുടെയും അനുമതി വേണം. നിലവിലെ സാഹചര്യത്തില്‍ ഇതിന് തീരെ സാധ്യതയുമില്ല. യു.എ.ഇയില്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് ഇവിടെ ഇറങ്ങുമ്പോള്‍ രോഗം പിടിപെടുന്നുണ്ട്. പരിശോധനാഫലം അത്രകണ്ട് കൃത്യതയില്ലാത്ത ടെസ്റ്റ് നടത്തണമെന്ന് പ്രവാസികള്‍ മരിച്ചുവീഴുമ്പോഴും സര്‍ക്കാറിന് പിടിവാശിയാണ്. സൗദി അറേബ്യ, ഒമാന്‍, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റ് സൗകര്യമൊരുക്കാന്‍ സാധിക്കുകയില്ല. ഇനി അംഗീകാരം നേടിയെടുക്കാന്‍ സമയവുമെടുക്കും. ഇതോടെ മുടങ്ങുന്നത് നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്താനുള്ള ആയിരക്കണക്കിന് പ്രവാസികളുടെ അവസരമാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കപ്പെടുന്നത് വരെ ശക്തമായ തുടര്‍പ്രക്ഷോഭവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച്ചക്കിടയില്‍ പ്രട്രോളിനും ഡീസലിനും എട്ട് രൂപയോളം വീതം വര്‍ധിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് വലിയൊരു കൊള്ളയാണ് നടത്തുന്നത്. ഇന്ധനവില കുറക്കാന്‍ കേന്ദ്രം ഇടപെടണം. ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ അധിക നികുതി ഒഴിവാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഇതുപോലെ അധികനികുതി വേണ്ടെന്ന്വെക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാവണം. ഇന്ധനവില വര്‍ധനവിനെതിരെ പ്രെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലെ പ്രതിഷേധമടക്കമുള്ള സമരവുമായി മുസ്ലിംലീഗ് മുന്നോട്ടു പോകുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Sharing is caring!