മലപ്പുറം കരുവാരക്കുണ്ടില്‍ നടന്ന ജുമഅ നമസ്കാരത്തില്‍ കോവിഡ് രോഗി പങ്കെടുത്തെന്ന് പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിക്കമ്മിറ്റി

മലപ്പുറം കരുവാരക്കുണ്ടില്‍ നടന്ന ജുമഅ നമസ്കാരത്തില്‍ കോവിഡ് രോഗി പങ്കെടുത്തെന്ന് പ്രചരണം; നിയമനടപടി  സ്വീകരിക്കുമെന്ന് പള്ളിക്കമ്മിറ്റി

മലപ്പുറം: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാട്ടിരി മഹല്ലിലെ ജുമുഅയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇരിങ്ങാട്ടിരി മഹല്ല് ജനറല്‍ സെക്രട്ടറി വി. ഉമ്മര്‍ കോയ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഒരു കോവിഡ് പോസിറ്റീവ് കേസ് ഇരിങ്ങാട്ടിരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ വന്നിരുന്നു എന്നും അതു കാരണമായി പള്ളിയില്‍ ജുമുഅക്ക് വന്ന 100 പേര്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നു എന്നുമാണ് പ്രചാരണം നടക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അദ്ദേഹം പള്ളിയില്‍ വരികയോ പള്ളിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതും പള്ളിയുടെ രജിസ്റ്റര്‍ പരിശോധിച്ച് അദ്ദേഹം ജുമുഅ നിസ്‌കാരത്തിന് പള്ളിയില്‍ വന്നിട്ടില്ല എന്ന് വ്യക്തമാക്കിയതും ആണ്.

മഹല്ലില്‍ നടന്ന ജുമുഅ നിസ്‌കാരം സര്‍ക്കാറും ആരോഗ്യ വകുപ്പും പണ്ഡിതരും നിര്‍ദേശിച്ച രൂപത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടന്നത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് തീര്‍ത്തും തെറ്റായ വാര്‍ത്തകളാണ് ചില സ്വാര്‍ഥതാല്പര്യ കാരായ സാമൂഹിക ദ്രോഹികള്‍ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വ്യാജപ്രചാരണം തുടരുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Sharing is caring!