യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നാട്ടിലേക്ക് വരാന്‍ അഗ്രഹിച്ച് നില്ക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായ കേരള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികളെ എങ്ങനെ തടഞ്ഞുനിര്‍ത്താമെന്ന ചിന്തയില്‍ നിന്നും ഉണ്ടായതാണ്. ഏറെ പ്രയാസം അനുഭവിക്കുന്ന മരണം മുഖാമുഖം കണ്ട് കഴിയുന്ന പ്രവാസികളോട് നീതികാണിക്കാത്ത സര്‍ക്കാര്‍ ക്രൂരമായ നടപടിയാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഉടനെ തന്നെ കേരള സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. ഇതിനായി മുസ്്ലിംലീഗും യുഡിഎഫും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രവാസികളുടെ നല്ല കാലത്ത് അവരോടൊപ്പമെന്ന് പറഞ്ഞ് നടന്നവര്‍ അവരെ ചേര്‍ത്ത് നിര്‍ത്തേണ്ട സമയത്ത് കൂടുതല്‍ ദ്രോഹിക്കുകയാണ്. ഇത് വളരെ ക്രൂരമായി നടപടിയാണ്. രോഗമടക്കം മറ്റു പ്രയാസങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നരെല്ലാം. അകലം പാലിക്കാന്‍ പോലും കഴിയാതെ ലേബര്‍ ക്യാമ്പിലും മറ്റും കഴിയുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. പുറം നാടുകളില്‍ മരണ നിരക്ക് വര്‍ദ്ധിച്ചുവരുന്നു. രോഗം മൂര്‍ച്ഛിക്കുന്നു. ഈ വിഷയങ്ങളൊക്കെ ഇള്ളപ്പോള്‍ അവിടെനിന്നും രക്ഷപ്പെടാനുള്ള വഴിയായിരുന്നു വന്ദേഭാരതും ചാര്‍ട്ടേഴ്ഡ് ഫ്ളൈറ്റുകളുമെല്ലാം. തുടക്കം മുതല്‍ ഓരോന്ന് പറഞ്ഞ് ഇതിന് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങാന്‍ താമസിച്ചു. സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നേരത്തെ ഇതൊന്നും സര്‍ക്കാറിന് അറിയില്ലേ. നോര്‍ക്ക ഒരു ശ്രമവും ഇതിനായി നടത്തിയതായി അറിവില്ല. പ്രവാസികള്‍ യാത്ര പ്രശ്നം നേരിടാന്‍ പോവുകയാണ്. ഇത് ചെയ്തതാവട്ടെ അവര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്യേണ്ട കേരള സര്‍ക്കാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ നിലപാട് ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോലിയില്ല പണമില്ല ജീവിതം തന്നെ ഭയത്തിലായ പ്രവാസികളോട് നീചമായ സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസി കുടുംബങ്ങള്‍ തന്നെ പ്രക്ഷോഭത്തിനിറങ്ങാനിരിക്കുകയാണ്. മുസ്്ലിംയൂത്ത്ലീഗിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് ഇന്ന് നടക്കും. മുഴുവന്‍ പോഷക സംഘടനകളും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മറ്റുള്ള സംസ്ഥാനങ്ങളെല്ലാം അവരുടെ ആളുകളെ എത്തിക്കാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ കേരളമാണ് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ക്കാറിന്റെ മനോഭാവം പ്രവാസികള്‍ അവിടെ തന്നെ നിന്നാല്‍ മതി എന്നതാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന സംഭവം ഏറെ ദുഖകരമാണ്. രാജ്യത്തിനായി ധീരമായി പോരാടുന്ന സൈനികരോടൊപ്പം നില്ക്കുന്നു. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമം നടത്തണം. കേന്ദ്ര സര്‍ക്കാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി എല്ലാവരും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]