കവളപ്പാറ പുനരധിവാസം: 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

കവളപ്പാറ പുനരധിവാസം: 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

നിലമ്പൂര്‍: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 53 കുടുംബങ്ങളുടെ പുനരധിവാസം ഉടന്‍ യാഥാര്‍ഥ്യമാകും. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ഒന്നിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പത്ത് ലക്ഷം രൂപ അനുവദിച്ചാല്‍ ഭൂമി സ്വയം കണ്ടെത്താന്‍ സന്നദ്ധരാണെന്ന് കവളപ്പാറ കോളനിയിലെ ഊര് മൂപ്പന്‍ ചാത്തന്‍ യോഗത്തില്‍ അറിയിച്ചു.

നിയമസഭയില്‍ നിന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വിഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുത്തു. പി.വി അബ്ദുല്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പിസുഗതന്‍, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

Sharing is caring!