പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ പോലീസുകാരുടെ സ്വഭാവം മനസ്സിലാക്കാന്‍ വേഷംമാറിയെത്തി പരീക്ഷിച്ച് പുതിയ എഎസ്പി: എം.ഹേമലത

പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ  പോലീസുകാരുടെ സ്വഭാവം  മനസ്സിലാക്കാന്‍ വേഷംമാറിയെത്തി  പരീക്ഷിച്ച് പുതിയ എഎസ്പി: എം.ഹേമലത

പെരിന്തല്‍മണ്ണ: സ്‌റ്റേഷനിലെ പോലീസുകാരുടെ സ്വഭാവം മനസ്സിലാക്കാന്‍ വേഷംമാറിയെത്തി പരീക്ഷിച്ച്
എഎസ്പി: എം.ഹേമലത. പേഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകള്‍ക്കു ശേഷം മേലുദ്യോഗസ്ഥയാണെന്ന് അറിയിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ ഞെട്ടി. പിന്നെ ഇത് അദ്ഭുതമായി മാറി. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ പിആര്‍ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് തന്റെ പഴ്‌സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്.

ഉടനടി ഒരു പരാതി എഴുതി നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്പിയാണെന്നറിയാതെതന്നെ തുടര്‍ നടപടികളും സ്വീകരിച്ചു. കൈ കഴുകുന്നതിനായി സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു പൊലീസുകാര്‍. ഇതെല്ലാം പരാതിക്കാരി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നം ശ്രദ്ധയില്‍പെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിര്‍ബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആര്‍ഒ ആവശ്യപ്പെട്ടു.

തമിഴ് ചുവയുള്ള ഭാഷയില്‍ സംസാരിച്ച എഎസ്പിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പരാതി റജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുന്നതിടെയാണ് താന്‍ പുതിയതായി ചുമതലയേറ്റ എഎസ്പി ആണെന്ന് അറിയിച്ചത്. ഇതു കേട്ട പൊലീസുകാരെല്ലാം അന്ധാളിച്ചെന്നു മാത്രമല്ല, കൈപ്പിഴവൊന്നും വന്നില്ലല്ലോ എന്ന ആശ്വാസത്തിലുമായി. പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എഎസ്പി എം. ഹേമലത ഐപിഎസ് പറഞ്ഞു.

പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും തമിഴ്‌നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്‌നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവര്‍ പറഞ്ഞു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എഎസ്പി മടങ്ങിയത്.

Sharing is caring!