കുഞ്ഞാലി വധക്കേസില്‍നിന്ന് രക്ഷപ്പെട്ടത് ഡോക്ടറുടെ വിദഗ്ധ ഉപദേശം കാരണമെന്ന് കേസില്‍ ഒന്നാം പ്രതിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്

കുഞ്ഞാലി വധക്കേസില്‍നിന്ന്  രക്ഷപ്പെട്ടത് ഡോക്ടറുടെ വിദഗ്ധ  ഉപദേശം കാരണമെന്ന് കേസില്‍  ഒന്നാം പ്രതിയായിരുന്ന മുതിര്‍ന്ന  കോണ്‍ഗ്രസ്  നേതാവ്  ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: സിപിഐ എം നേതാവും നിലമ്പൂര്‍ എംഎല്‍എയുമായിരുന്ന കുഞ്ഞാലി വധക്കേസില്‍നിന്ന് രക്ഷപ്പെട്ടത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ വിദഗ്ധ ഉപദേശം കൊണ്ടെന്ന് കേസില്‍ ഒന്നാം പ്രതിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. വിദഗ്ധോപദേശം നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ പ്രതിഭാഗം അഭിഭാഷകനെ സന്ദര്‍ശിച്ചതായി ആര്യാടന്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന വാദം ശരിവയ്ക്കുന്നതാണിത്.

വെടിയേറ്റ കുഞ്ഞാലി ഹെഡ്കോണ്‍സ്റ്റബിള്‍ കുഞ്ഞമ്പുനായര്‍ക്ക് കൊടുത്ത മൊഴിയായിരുന്നു കേസിലെ ശക്തമായ തെളിവ്. ‘വെടിവച്ചത് ആര്യാടനാണ്’ എന്നായിരുന്നു മൊഴി. മഞ്ചേരി ആശുപത്രിയിലെ ഡോക്ടറോടും കുഞ്ഞാലി ഇത് ആവര്‍ത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ കുന്ദമംഗലം മജിസ്‌ട്രേട്ട് രണ്ടുതവണ വന്നെങ്കിലും അബോധാവസ്ഥയിലായതിനാല്‍ കുഞ്ഞാലിയുടെ മൊഴിയെടുക്കാനായില്ല. കുഞ്ഞാലിക്ക് മയങ്ങാനുള്ള മരുന്ന് അമിതമായി നല്‍കിയിരുന്നതായി ആശുപത്രിയുടെ കേസ് ഷീറ്റിലുണ്ടായിരുന്നു. ഇത്രയും മരുന്ന് കുത്തിവച്ചൊരാള്‍ക്ക് ഡോക്ടര്‍ക്കോ പൊലീസിനോ മൊഴികൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ വിദഗ്ധോപദേശം. അദ്ദേഹം ഇത് തന്റെ അഭിഭാഷകന്‍ പി വി അയ്യപ്പന്‍ താമസിച്ചിരുന്ന അളകാപുരി ഹോട്ടലില്‍ എത്തി അറിയിച്ചു. വക്കീലിന്റെ ഈ വാദം കോടതി അംഗീകരിച്ചു-ആര്യാടന്‍ പറയുന്നു.

എന്നാല്‍, കുഞ്ഞമ്പുനായരോടും മഞ്ചേരി ആശുപത്രിയിലെ ഡോക്ടറോടും മാത്രമല്ല, ആദ്യം പ്രവേശിപ്പിച്ച നിലമ്പൂര്‍ ആശുപത്രിയിലെ ഡോക്ടറോടും വെടിവച്ചത് ആര്യാടനാണെന്ന് കുഞ്ഞാലി പറഞ്ഞിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയശേഷം കുഞ്ഞാലി അബോധാവസ്ഥയിലായതില്‍ ദുരൂഹതയുണ്ട്. കേസ് അന്വേഷിച്ചതും ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചതുമെല്ലാം യുഡിഎഫ് ഭരണകാലത്താണ്. വിചാരണവേളയില്‍ ഭരണസ്വാധീനം ഉപയോഗിച്ച് സാക്ഷിമൊഴി മാറ്റിച്ചതായും ആരോപണമുയര്‍ന്നു.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ തങ്ങളുടെ പക്കല്‍നിന്നോ, ഓഫീസില്‍നിന്നോ തോക്ക് കണ്ടെടുക്കാനാകാത്തതും കോടതി പരിഗണിച്ചതായാണ് ആര്യാടന്‍ അഭിമുഖത്തില്‍ പറയുന്നത്. ചുള്ളിയോട് ഐഎന്‍ടിയുസി ഓഫീസിലെ കോണിപ്പടിക്കടുത്ത് വച്ചാണ് വെടിവച്ചതെന്ന് സമ്മതിക്കുന്നുമുണ്ട്.
അനുയായിയെ കൊലയാളിയാക്കി

വിവാദ അഭിമുഖത്തില്‍ അനുയായിയെ കൊലയാളിയാക്കി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ചുള്ളിയോട്ടെ പത്തായത്തിങ്കല്‍ ഗോപാലനാണ് കുഞ്ഞാലിയെ വെടിവച്ചതെന്നാണ് ആര്യാടന്‍ പറയുന്നത്. ഗോപാലനാണ് വെടിവച്ചതെന്ന് കോടതി വെറുതെ വിട്ടശേഷം തനിക്ക് മനസ്സിലായെന്ന് വ്യക്തമാക്കുന്ന ആര്യാടന്‍ ആദ്യമായാണ് അത് വെളിപ്പെടുത്തുന്നത്. എന്നാല്‍ അന്ന് ഇക്കാര്യം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആര്യാടന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന ചോദ്യം ബാക്കിയാവുന്നു. ഇതിലൂടെ ഗോപാലനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അവഹേളിക്കുകയാന്ന് ആര്യാടന്‍ ചെയ്തതെന്നും ആക്ഷേപമുയര്‍ന്നു.

Sharing is caring!