ഖത്തറില്‍ നിന്നും ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്നെത്തും

ഖത്തറില്‍ നിന്നും  ആദ്യ ചാര്‍ട്ടര്‍  വിമാനം ഇന്നെത്തും

ദോഹ: തടസ്സങ്ങള്‍ നീക്കി ഖത്തറില്‍ നിന്ന് കമ്പനിതൊഴിലാളികള്‍ക്കു വേണ്ടിയല്ലാത്ത ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്നു പുറപ്പെടും. ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) ഏര്‍പ്പെടുത്തിയ ആദ്യവിമാനമാണ് ജൂണ്‍ 15ന് രാവിലെ 10.30ന് ബംഗളൂരുവിലേക്ക് പുറപ്പെടുക. ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി, ഇരുരാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അവസാനനിമിഷം തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാങ്കേതിക തടസങ്ങള്‍ വന്നിട്ടില്ലെങ്കില്‍ വിമാനം നാളെ പുറപ്പെടുമെന്ന് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ പറഞ്ഞു.

‘ഗോ എയര്‍’ കമ്പനിയുടേതാണ് വിമാനം. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. നാല് സീറ്റ് കുഞ്ഞുങ്ങള്‍ക്കും. മൊത്തം 184 സീറ്റുകള്‍. പുറകിലെ വരിയിലുള്ള ചില സീറ്റുകള്‍ ഒഴിച്ചിടും. യാത്രക്കിടയില്‍ ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാറ്റിയിരുത്താനുള്ള താല്‍കാലിക സമ്പര്‍ക്ക വിലക്ക് സ്ഥലമാണ് ഇത്തരത്തില്‍ സീറ്റുകള്‍ ഒഴിച്ചിട്ട് ക്രമീകരിക്കുക.

980 റിയാല്‍ ആണ് ബംഗളൂരിവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ആകെയുള്ളതില്‍ പത്ത് സീറ്റുകള്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് നല്‍കും. ഇന്ത്യന്‍ എംബസിയില്‍ പേര് ചേര്‍ത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവരെയാണ് വിമാനത്തില്‍ പരിഗണിക്കുന്നത്. ‘ഗോ എയര്‍’ നല്‍കിയ മൊത്തം നിരക്ക് തുല്യമായി വീതിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങള്‍ ജൂണ്‍ 20നുള്ളില്‍ പറത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ വിമാനം 19ന് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മറ്റ് സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി ഖത്തറില്‍ നിന്ന് വിവിധ സംഘടനകള്‍ ഒരുക്കിയ ചാര്‍ട്ടര്‍ വിമാനങ്ങളും ഉടന്‍ പറക്കും. ചാര്‍ട്ടര്‍ യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി കേരളസര്‍ക്കാര്‍ അതിനുള്ളില്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഏര്‍പ്പാടാക്കിയ വിമാനം ഉടന്‍ പറക്കുമെന്ന് പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 14ന് വിമാനം പുറപ്പെടുമെന്നാണ് നേരത്തേ ഇന്‍കാസ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. ഈ വിമാനത്തില്‍ ബുക്ക് ചെയ്ത ചിലര്‍ വന്ദേഭാരത് വിമാനത്തില്‍ സീറ്റ് ലഭിച്ച് പോയിരുന്നു. ആ ഒഴിവ് നികത്തുന്നതിന്റെ ഭാഗമായാണ് വിമാനം വൈകുന്നത്.

ഇന്‍ഡിഗോയുമായാണ് ഇന്‍കാസ് സഹകരിക്കുന്നത്. 170 യാത്രക്കാരാണുണ്ടാവുക. കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ പട്ടികയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് എസ് എ എം ബഷീര്‍ പറഞ്ഞു. ജൂണ്‍ 20ന് ശേഷം വിമാനത്തിന് പറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ജൂണ്‍ 24നോ 25നോ പറത്താനാകുമെന്ന്് പ്രതീക്ഷിക്കുന്നത്. ‘ഗോ എയറു’മായാണ് സഹകരിക്കുന്നത്. ആകെ അഞ്ചുവിമാനങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. നേരത്തേ ഖത്തറില്‍ നിന്ന് വിവിധ കമ്പനികളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കേരളത്തിലേക്കടക്കം പോയിരുന്നു. ഖത്തറില്‍ കുടുങ്ങിയ തങ്ങളുടെ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാണ് കമ്പനികള്‍ ഇത്തരം വിമാനങ്ങള്‍ ഒരുക്കിയത്.

Sharing is caring!