ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടിയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത് മലപ്പുറംകാരന്‍

എം പി നെബുല
ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടിയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത് മലപ്പുറംകാരന്‍

മലപ്പുറം: ജൂണ്‍ 9 ഉച്ചക്ക് 2:35 ന് തിരുവനന്തപുരത്ത് നിന്നും ചൂളം വിളിയുമായി പുറപ്പെട്ട തിരുവനന്തപുരം ദിമാപൂര്‍ സ്‌പെഷ്യല്‍ ശ്രമിക് തീവണ്ടി താണ്ടിയത് ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ നാഴികക്കല്ല്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടിയാത്ര എന്ന റെക്കോഡ് ഇനി ഈ തീവണ്ടിക്ക് സ്വന്തം. 90 മണിക്കൂര്‍ 40 മിനുട്ട് കൊണ്ട് ഈ തീവണ്ടി താണ്ടിയത് 4322 കിലോമീറ്റര്‍.

ഈ ചരിത്ര നിമിഷത്തിന് ചുക്കാന്‍ പിടിച്ചത് മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദലി ശിഹാബ് ഐ എ എസ്. ലോക്ഡൗണ്‍ കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന നാഗാലാന്റുകാരെ സ്വദേശത്തെത്തിക്കാനുള്ള ചുമതല ഈ മലപ്പുറം കാരനായിരുന്നു. നാഗാലാന്റ് ഊര്‍ജ്ജ വിഭാഗം അഡിഷണല്‍ സെക്രട്ടറിയാണ് മുഹമ്മദലി ശിഹാബ്. ഒരുപാട് വെല്ലുവിളികളോടെ അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ചു.

ദൈര്‍ഘ്യമേറിയ യാത്രയായതിന്റെ എല്ലാ പ്രശ്‌നങ്ങളും നേരിട്ടു. ട്രെയിന്‍ പുറപ്പെട്ടത് മുതല്‍ 24 മണിക്കൂര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പാതിവഴിയില്‍ വെള്ളം തീര്‍ന്നു. സ്‌പെഷ്യല്‍ ട്രെയിന്‍ ആണെന്നറിയാതെ മറ്റു യാത്രക്കാര്‍ കയറാന്‍ ശ്രമിച്ചു ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇവയൊക്കെ പരിഹരിച്ചാണ് ഇവരെ നാട്ടിലെത്തിച്ചത്. തിരിച്ചെത്തിയവരില്‍ മിക്കവരും ജോലി നഷ്ടപ്പെട്ടവരാണ് എന്നാലും ഇത്തരമൊരു അന്തരീക്ഷത്തില്‍ സ്വന്തം നാട്ടിലെത്തിയ ആശ്വാസം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 9:30 ന് ട്രെയിന്‍ ദിമാപൂരില്‍ എത്തുന്നത് വരെ ആശങ്കയായിരുന്നെന്നും മുഹമ്മദലി ശിഹാബ് മലപ്പുറം ലൈഫിനോട് പറഞ്ഞു.

മെയ് അഞ്ചിനാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഈ ചുമതല ഏറ്റെടുക്കുനത്. ഐ ആം സ്ട്രാന്റഡ് (i am stranded) എന്ന നാഗാലാന്റ് സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശികളെ ഓരോരുത്തരെയും ഫോണില്‍ ബന്ധപ്പെട്ട് യാത്രയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. മലപ്പുറം കലക്ടറായിരുന്ന അമിത് മീണയായിരുന്നു കേരളത്തിലെ നാഗാലാന്റ് സ്വദേശികള്‍ക്കായുള്ള നോഡല്‍ ഓഫീസര്‍. അതത് ജില്ലകളിലെ കലക്ടര്‍മാരുമാരെയും ഫോണില്‍ ബന്ധപ്പെട്ടു. ഓരോ ബോഗിയ്ക്കും കാവലായി യാത്രക്കാരില്‍ നിന്ന് രണ്ട് ക്യാപ്റ്റന്‍മാരെ വാതിലിനരികിലായി നിയോഗിച്ചാണ് യാത്ര ആരംഭിച്ചത്. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും യാത്രയ്ക്കിടയിലെ ബുദ്ധിമുട്ടുകള്‍ അറിയാനും ഇവരെ ഉള്‍ക്കൊള്ളിച്ച് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും നിര്‍മ്മിച്ചു. കരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 966 പേരാണ് ഈ ദൗത്യത്തില്‍ നാടണഞ്ഞത്. ഇതില്‍ കുട്ടികളും ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇവര്‍ക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യമായിരുന്നു.

കോവിഡ് കാലത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബംഗലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും രണ്ട് ട്രെയിനിലായി 2900 നാഗാലാന്റ് സ്വദേശികളെ നേരത്തേ നാട്ടിലെത്തിച്ചിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി അസിസ്റ്റന്റ് കലക്ടറായും മറ്റും ഇദ്ദേഹത്തിന്റെ സേവനം നാഗാലാന്റിലാണ്.

Sharing is caring!