പത്തു ദിവസം പ്രായമായ കുഞ്ഞടക്കം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്

പത്തു ദിവസം പ്രായമായ കുഞ്ഞടക്കം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 17 ന് രോഗം സ്ഥിരീകരിച്ച മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 കാരന്റെ പത്ത് ദിവസം പ്രായമായ പേരമകള്‍, തെന്നല ഗ്രാമപഞ്ചായത്തിലെ ആശാ വര്‍ക്കറായ വെന്നിയൂര്‍ പെരുമ്പുഴ സ്വദേശിനി 39 കാരി, തെന്നല ഗ്രാമ പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി 44 വയസുകാരി, എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വളാഞ്ചേരി സ്വദേശി 30 വയസുകാരന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ശുചീകരണ ജീവനക്കാരനായ തിരുവാലി സ്വദേശി 36 കാരന്‍, തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ 108 ആംബുലന്‍സിലെ നഴ്‌സ് തിരുവനന്തപുരം നേമം സ്വദേശിനി 30 വയസുകാരി, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് വളണ്ടിയര്‍ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 31 വയസുകാരി, കരുവാരക്കുണ്ടിലെ 108 ആംബുലന്‍സ് ഡ്രൈവറായ കോഴിക്കോട് കക്കോടി സ്വദേശി 24 കാരന്‍, എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

മെയ് 29 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 57 കാരന്‍, മെയ് 27 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി പ്രത്യേക വിമാനത്തില്‍ ഒരുമിച്ച് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70 വയസുകാരന്‍, പൊന്മുണ്ടം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി 40 വയസുകാരന്‍, കീഴാറ്റൂര്‍ ആലിപ്പറമ്പ് സ്വദേശി 45 വയസുകാരന്‍, വെട്ടം പറവണ്ണ വിദ്യാനഗര്‍ സ്വദേശി 40 വയസുകാരന്‍, പുല്‍പ്പറ്റ വളമംഗലം സ്വദേശി 43 വയസുകാരന്‍, ജൂണ്‍ 10 ന് ദമാമില്‍ നിന്ന് കണ്ണൂരിലെത്തിയ ഭൂദാനം വെളുമ്പിയം സ്വദേശി 40 വയസുകാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇവരെക്കൂടാതെ മസ്‌ക്കറ്റില്‍ നിന്ന് ജൂണ്‍ ആറിന് കരിപ്പൂരിലെത്തിയ പാലക്കാട് പത്തിത്തറ ഒതളൂര്‍ സ്വദേശി 50 വയസുകാരന്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ കോഴിക്കോട് കുതിരവട്ടം മയിലമ്പാടി സ്വദേശി 26 കാരന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമുള്ള പാലക്കാട് ഒതളൂര്‍ സ്വദേശി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!