ഇന്ത്യന്‍ റെയില്‍വേ നാഷണല്‍ ഫുട്‌ബോള്‍ ടീം വൈസ് ക്യാപ്റ്റനും ആര്‍.പി.എഫ് ഉദ്യോഗസ്ഥനുമായ ഇല്യാസ് യൂത്ത് കോണ്‍ഗ്രസ്സിനെക്കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായി കുറിപ്പ് വൈറലാകുന്നു

മലപ്പുറം: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ ബംഗാളില്‍ കുടുങ്ങി കൂടണയാന്‍ കഴിയാതെ പ്രതീക്ഷയറ്റ് നില്‍ക്കുമ്പോള്‍ താങ്ങും തണലുമായി മാറിയ ഷഹനാസ് പാലക്കല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ കുറിച്ച് വാചാലനാവുകയാണ് ഇന്ത്യന്‍ റയില്‍വേ ഫുട്‌ബോളിന്റെ വൈസ്.ക്യാപ്റ്റന്‍ ഇല്യാസ് എം.പി.
”കേരളത്തിലേക്ക് തിരിച്ച് വരാന്‍ ടെന്‍ഷന്‍ ഫ്രീ യാത്രക്ക് ഒരു കൈത്താങ്ങ് ആയ വ്യക്തിയോടുള്ള നന്ദിവാക്കുകള്‍ അപ്പോള്‍ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു എങ്കിലും ഒരു ‘മനസ്സാക്ഷിപ്പോരായ്മ’ തോന്നിയത് കൊണ്ട് മറ്റുള്ളവര്‍ക്ക് തങ്ങളെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യുന്ന ഇദ്ദേഹത്തിനും ഇദ്ദേഹത്തെ പോലുള്ളവര്‍ക്കും വേണ്ടി ചെറുതായിട്ടെങ്കിലും ഒരു ഊര്‍ജ്ജം നല്‍കാന്‍ ഈ വരികളിലൂടെ ശ്രമിക്കുകയാണ്. കൂടാതെ ഇന്ത്യയിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ ഫുട്‌ബോള്‍ ടീമില്‍ അംഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിട്ട് കൂടി അന്യസംസ്ഥാനത്ത് നിന്നും സ്വന്തം നാടായ കേരളത്തിലേക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടായ നടപടിക്രമങ്ങളിലെ അല്പം നൂലാമാലകളെയും കുറിച്ച് (ലോകം മുഴുവന്‍ കൊറോണ വ്യാപനത്തില്‍ സ്തംഭിച്ച് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പരാതിയോ പരിഭവമോ ഇല്ലാതെ ) ചുരുങ്ങിയ വാക്കുകളിലൂടെ….

ലോക്ക് ഡൗണ്‍ കാലത്ത് അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടന്നവര്‍ക്കായി നാട്ടിലേക്ക് വരുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി ഞങ്ങള്‍ മൂന്ന് മലയാളികളും ശ്രമം തുടങ്ങി. അവിടെ നിന്നും ഒരു ടാക്‌സി ഏര്‍പ്പാടാക്കി ആ ടാക്‌സിയുടെ നമ്പര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ അവയ്‌ലബിള്‍ ആയ ഡേറ്റ് ഉം ടൈം സ്ലോട്ടും അനുസരിച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കാര്യമായ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല . എന്നാല്‍ കൊല്‍ക്കത്ത മുതല്‍ കോഴിക്കോട് വരെ 2300സാ. അതായത് ടാക്‌സി ചാര്‍ജ് അപ് &ഡൗണ്‍ , ടോള്‍ എല്ലാം കൂടി ഭീമമായ തുക വരുമെന്ന് മനസ്സിലായത് കൊണ്ട് പ്ലാന്‍ ബി ആലോചിക്കാന്‍ നിര്‍ബന്ധിതരായി. കേരളത്തില്‍ നിന്നും തൊഴിലാളികളുമായി ബംഗാളിലേക്ക് വരുന്ന ബസ് തിരിച്ച് നാട്ടിലേക്ക് പോവുന്ന ദിവസം മുന്‍കൂട്ടി മനസ്സിലാക്കി അതില്‍ ഏതെങ്കിലും ബസ് നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അതനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ബസ് തിരിച്ച് വാളയാര്‍ ചെക്പോസ്റ്റ് എത്തുന്ന ദിവസം ഏതാണ്ട് കണക്കാക്കി കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ ദിവസവും സമയവും സെലക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കഴിയാതെ വരുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഒരു ദിവസത്തിന് ശേഷം വൈകി എത്തിയാലും കുഴപ്പമില്ല എന്ന വിവരം പിന്നീട് ടോള്‍ഫ്രീ നമ്പറിലും കളക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒക്കെ അറിയാന്‍ കഴിഞ്ഞെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നും ടൈം സ്ലോട്ട് ഇല്ല. ടൈം സ്ലോട്ട് ഉള്ളപ്പോള്‍ ബസും കിട്ടാന്‍ ഇല്ല. പിന്നീട് നാട്ടിലെ ഒരു സുഹൃത്ത് അജാസിന്റെ ട്രാവത്സില്‍ നിന്നുള്ള വിവരം അനുസരിച്ച് കേരളത്തില്‍ നിന്നും പുറപ്പെടാനിരിക്കുന്ന ഒരു ബസ് നമ്പര്‍ എന്റര്‍ ചെയ്ത് രണ്ടും കല്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്തു. ഉടനെ വെസ്റ്റ് ബംഗാളിന്റെ സൈറ്റില്‍ എക്‌സിറ്റ് പാസിനു വേണ്ടിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. തൊട്ടടുത്ത ദിവസം തന്നെ വെസ്റ്റ് ബംഗാള്‍ എക്‌സിറ്റ് പാസ് അപ്രൂവ് ആയെങ്കിലും ദിവസങ്ങള്‍ ഓരോന്ന് കഴിഞ്ഞിട്ടും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ ജാഗ്രത വാതില്‍ ഞങ്ങള്‍ക്കായി തുറക്കുന്നില്ല. യാത്ര പുറപ്പെടാന്‍ ഉള്ള ദിവസം അടുത്ത് വരുന്നതോടെ ഈ ബസിലും പോവാന്‍ കഴിയാതെ വരുമെന്ന ചിന്തയ്ക്ക് ആക്കം കൂടി. അങ്ങനെയിരിക്കുമ്പോഴാണ്
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് യാദൃശ്ചികമായി ഒരു ഫോണ്‍കോള്‍ വരുന്നത്. ഞാന്‍ ഷഹനാസ് പാലക്കല്‍ ( ടവമവിമ െജമഹമസസമഹ ) ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആണെന്ന് സ്വയം പരിചയപ്പെടുത്തി ക്കൊണ്ട് എന്റെ ഒരു സുഹൃത്ത് തന്ന വിവരം അനുസരിച്ച് വിളിക്കുകയാണെന്നും ഉടനെ എന്നോട് കാര്യങ്ങള്‍ അന്വേഷിച്ച് അറി യുകയുമായിരുന്നു ആദ്ദേഹം. ഒരു നാഷണല്‍ ലെവല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടി വരികയും എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം എല്ലാം നിര്‍ത്തിവച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും വീണ്ടും കേരളത്തിലെ ഞങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് (സര്‍ക്കാര്‍ സേവനം ചെയ്യാന്‍ വേണ്ടി തന്നെയാണ് സ്വന്തം കൈയില്‍ നിന്നും കാശുമുടക്കിയുള്ള ഈ മടക്കയാത്ര എങ്കിലും )
യാത്ര എത്തുന്നത് വരെ
ഓണ്‍ ഡ്യൂട്ടി ആയതിനാല്‍ വാളയാര്‍ ബോര്‍ഡറില്‍ എത്തിയിട്ട് കേരളത്തിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥ വന്ന് എന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ അതിനു ഒഫീഷ്യലി കാരണം ബോധിപ്പിക്കാന്‍ പ്രത്യേകിച്ചും ഈ കൊറോണകാലത്ത് പുറകെ നടക്കാന്‍ ബുദ്ധിമുട്ടാവും എന്നുള്ളത് കൊണ്ട് ബംഗാളില്‍ നിന്ന് പുറപ്പെടുമ്പോള്‍ എന്‍ട്രി പാസ് അപ്രൂവ് ആവണമെന്നുള്ള തികച്ചും ന്യായമായ ആവശ്യം വൈകുന്നതിലുള്ള ഉത്കണ്ഠ അദ്ദേഹത്തെ അറിയിച്ചു. കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി രജിസ്റ്റര്‍ ചെയ്ത നമ്പറും മറ്റും വാങ്ങി 100% ശരിയാക്കാം, അറിയിക്കാം എന്നെല്ലാം ഉറപ്പ് തന്നിട്ടാണ് അദ്ദേഹം ഫോണ്‍ വെച്ചതെങ്കില്‍ പോലും ഇതിന് മുമ്പ് അതെ ദിവസം കളക്ടര്‍ ഓഫീസില്‍ നിന്നുള്ള ഞങ്ങളുടെ
അന്വേഷണത്തിനുള്ള മറുപടി കേട്ടത് കാരണം ഇതിലൊന്നും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അടുത്ത ദിവസം രാവിലെ 10:30 ന് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി വാളയാര്‍ ചെക്ക് പോസ്റ്റ് എന്‍ട്രി പാസ് അപ്രൂവ് ചെയ്ത സ്‌ക്രീന്‍ ഷോട്ടും ലിങ്കും എല്ലാം അദ്ദേഹം വാട്ട്‌സ്ആപ്പില്‍
അയച്ച് തന്നപ്പോള്‍ ഉണ്ടായ ഒരു ആശ്വാസം വളരെ വലുതായിരുന്നു. പൂര്‍ണ്ണമായും ഞങ്ങളുടെ ആവശ്യം ആയിട്ട് കൂടി എന്റെ ഫോണിലേക്ക് അദ്ദേഹത്തിന്റെ കോളുകള്‍ വരികയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എത്രയും നേരത്തെ അത് ശരിയാക്കി, എന്തായി സാര്‍ എന്നങ്ങോട്ട് വിളിക്കാന്‍ ഞാന്‍ ഒരുങ്ങുന്നതിന് മുമ്പേ ഇങ്ങോട്ട് വിളിച്ച് ആശ്വാസം പകര്‍ന്ന വാര്‍ത്തയും അതോടൊപ്പം ഒരു സെയ്ഫ് ജേര്‍ണി ആശംസയും അയച്ച് ഒരു ജാഡയും കാണിക്കാതെ തിരക്കുകള്‍ അഭിനയിക്കാതെ ചുരുക്കി പറയാന്‍ അറിയാത്ത എന്നെ മുഴുവന്‍ കേള്‍ക്കാന്‍ ഒക്കെ കാണിച്ച ക്ഷമയും സൗമ്യതയും എല്ലാം അദ്ദേഹത്തിന്റെ എടുത്ത് പറയത്തക്ക സവിശേഷതകളായി എനിക്ക് തോന്നി. ഇദ്ദേഹത്തിന്റെ ഇടപെടല്‍ അനുസരിച്ച് മുഖ്യമന്ത്രി ഓഫീസിലും കാര്യങ്ങള്‍ വേഗത്തിലാക്കിയ ഞാന്‍ അറിയാത്ത ഉദ്യോഗസ്ഥരെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തള്ളല്‍ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കളും മറ്റു ഉദ്യോഗസ്ഥരെയും നമുക്ക് ഒരുപാട് കാണാമെങ്കിലും ഇതേപോലെ കര്‍മ്മനിരധരായി സാമൂഹ്യ സേവന രംഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും (അവര്‍ ഏത് പാര്‍ട്ടിക്കാരും ആവട്ടെ) തങ്ങളുടെ ജോലി വളരെ വേഗത്തിലും കൃത്യതയോടെയും
സൂക്ഷ്മതയോടെയും ചെയ്യുന്ന ജനങ്ങള്‍ക്കും നാടിനും ഉപകാരപ്പെടുന്ന യാഥാര്‍ത്ഥ സേവകരെയുമാണ് പലപ്പോഴും നമ്മള്‍ തിരിച്ചറിയാതെ പോവുന്നത്. അവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് . അവര്‍ക്കാണ് നമ്മള്‍ കൂടുതല്‍ ഊര്‍ജ്ജം പകരേണ്ടതും.

ഒരു റൂമില്‍ മാത്രം ഒറ്റക്ക് കഴിച്ച് കൂട്ടിയ 14 ദിവസത്തെ ക്വാറന്റൈന്‍
കാലം കഴിയുന്നു….
ഇനി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി കുറച്ച് ദിവസത്തേക്ക് കൂടി ലീവിന് കൊടുത്ത അപേക്ഷ പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ ആണെങ്കിലും 10/06/2020 ന് അണിയാനുള്ള കാക്കിക്കുപ്പായവും ബെല്‍റ്റും തൊപ്പിയുമൊക്കെ എടുത്ത് ശരിയാക്കി ബാഗില്‍ വെച്ചു
തയ്യാറാവട്ടെ….

ബ ഇല്ല്യാസ്.

Sharing is caring!