മലപ്പുറത്തെ വിവാദ കൊറോണ പരസ്യം നീക്കി

മലപ്പുറത്തെ വിവാദ  കൊറോണ പരസ്യം നീക്കി

മലപ്പുറം : കൊറോണ വ്യാപനം തടയുന്നതിനായി കേരള സോഷ്യല്‍ സെക്യുരിറ്റി മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്ന് മലപ്പുറം കലക്ടറുടെ ബംഗ്ലവ് ചുറ്റുമതിലില്‍ വരച്ച കാര്‍ട്ടൂണ്‍ ചിത്രം വിവാദമായതിനെ തുടര്‍ന്ന് വിവാദ ഭാഗം സര്‍ക്കാര്‍ നീക്കി. കൊറോണ വ്യാപനം തടയുന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കാര്‍ട്ടൂണ്‍ പരസ്യമാണ് മലപ്പുറത്ത് വിവാദമായത്. മലപ്പുറം കത്തികാട്ടി പാരമ്പര്യവേഷധാരിയായ മലപ്പുറം നിവാസി കത്തി പോരാ, മാസ്‌ക്ക് തന്നെ വേണം എന്ന ആശയത്തിലാണ് കാര്‍ട്ടൂണ്‍ വരച്ചത്. പതീറ്റാണ്ടുകള്‍ക്കു മുമ്പ് മലപ്പുറത്തെ വേഷവിധാനം തന്നെ പഴയ ഭാഷാ പ്രയോഗത്തോട് കൂടി വരച്ചത് അവഹേളനപരമായിരുന്നുവെന്ന് തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യസുരക്ഷാ മിഷന്‍ ജില്ലാ ഡയറക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍ ഇക്കാര്യം മണ്ഡലം യൂത്ത് ലീഗ് കൊണ്ടുവരുകയും തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജന. സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ഷാഫി കാടേങ്ങല്‍ എന്നിവര്‍ നിവേദനവും നല്‍കി. അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വന്നത്. നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കലക്ടര്‍ ബംഗ്ലാവിന്റെ ചുറ്റുമതിലില്‍ വരച്ച കാര്‍ട്ടൂണിന്റെ വിവാദ ഭാഗം ഭീമന്‍ മാസ്‌ക്ക് കൊണ്ട് മറച്ച് പ്രതിഷേധ മാസ്‌ക്ക് സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിവാദ ചിത്രീകരണമുള്ള ഭാഗം അധികൃതര്‍ തന്നെ പെയിന്റടിച്ച് മായ്ക്കുകയായിരുന്നു. തുടര്‍ന്ന് മണ്ഡലം യൂത്ത് ലീഗിന്റെ ഇടപെടലിനെ പ്രശംസിച്ച് വ്യാപകമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചു. മലപ്പുറം വിരുദ്ധത വാക്കിലും വരയിലും ആവര്‍ത്തിക്കുന്ന ഭരണകൂട നിലപാടിനെതിരെ ജനകീയസമരത്തിന്റെ വിജയമാണ് ഗവര്‍മെന്റിന് നിലപാടുകള്‍ തിരുത്തേണ്ടി വന്നതെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍ എന്നിവര്‍ പറഞ്ഞു.

Sharing is caring!