ഹംസക്കോയയുടെ മൃതദേഹം ഖബറടക്കിയത് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും പോലിസും ചേര്‍ന്ന്

ഹംസക്കോയയുടെ  മൃതദേഹം  ഖബറടക്കിയത് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍  പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും പോലിസും ചേര്‍ന്ന്

പരപ്പനങ്ങാടി: കൊവിഡ് 19 ചികില്‍സയിലിരിക്കെ മരണപ്പെട്ട മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയയുടെ മൃതദേഹം വന്‍ സുരക്ഷയില്‍ കബറടക്കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു ഹംസക്കോയ. ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും പോലിസും ചേര്‍ന്നാണ് വൈകീട്ട് അഞ്ചരയോടെ പനയത്തില്‍ ജുമാ മസ്ജിദില്‍ ഖബറടക്കിയത്. കഴിഞ്ഞ മെയ് 21നാണ് ഹംസക്കോയയും കുടുംബവും മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റി.
ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികില്‍സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികില്‍സക്കായി നല്‍കിയത്. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ. 61 വയസായിരുന്നു. മുപ്പതാം തീയതി മുതല്‍ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. മോഹന്‍ ബഗാന്‍, മൊഹമ്മദെന്‍സ് തുടങ്ങിയ ക്ലബ്ബുകളില്‍ ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളില്‍ പിഎസ്എംഒ വിദ്യാര്‍ഥി ആയിരുന്നു. സന്താേഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Sharing is caring!