കോവിഡ് പ്രതിരോധത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വന്തം ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണം. സാമൂഹ്യ അകലം ഉറപ്പാക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. ലോക്ഡൗണ്‍ ഇളവുകളുടെ പേരില്‍ ആരോഗ്യ ജാഗ്രത ലംഘിക്കുന്നത് അംഗീകരിക്കില്ലെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അവശ്യ സന്ദര്‍ഭങ്ങളിലെ യാത്രാ വിവരങ്ങളും മറ്റുള്ളവരുമായുള്ള സമ്പര്‍ക്ക വിവരങ്ങളും ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. കോവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ നിര്‍ബന്ധമായും പ്രത്യേക മുറികളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഓട്ടോ – ടാക്സി വാഹനങ്ങിലെ ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ എഴുതി സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരും അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നവരും ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. ഇത് സാധിക്കാത്ത സാഹചര്യത്തില്‍ സാനിറ്റൈസര്‍ കര്‍ശനമായും ഉപയോഗിക്കണം. മുഖാവരണമില്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്. നമ്മള് ഓരോരുത്തരും അവരവരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കണം. ആശങ്കയുടെ ആവശ്യമില്ല. ജാഗ്രത മാത്രം മതിയെന്നും കലക്ടര്‍ അറിയിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി