വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മനേകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് കേസ്

വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മനേകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് കേസ്

മലപ്പുറം: വിദ്വേഷകരമായ പ്രസ്താവന മലപ്പുറം ജില്ലയ്‌ക്കെതിരെ നടത്തിയതിന് ബി ജെ പി എം പി മനേക ഗാന്ധിയ്ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ആറ് പരാതികളാണ് ഇവര്‍ക്കെതിരെ മലപ്പുറം പോലീസിന് ലഭിച്ചത്. എല്ലാ പരാതികളും സമാനസ്വഭാവമുള്ളതായതിനാല്‍ ഒറ്റ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു.

ഐ.പി.സി 153 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കിയതിനാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്.

മനേകാ ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് സംഘടനയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. വാര്‍ത്തയില്‍ വ്യക്തത വന്നിട്ടും പരാമര്‍ശനം തിരുത്താത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Sharing is caring!