കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇറങ്ങി ഓടിയ ആളെ കണ്ടെത്തി

കോവിഡ്  നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കല്‍  കോളജില്‍ നിന്ന് ഇറങ്ങി  ഓടിയ ആളെ കണ്ടെത്തി

മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കാണാതായ ആളെ കണ്ടെത്തി. ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്ക് മാനസിക ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 42കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക് മാറ്റാനിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു.
അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കാരണം ഒരാള്‍ മരിച്ചു. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാള്‍ (73) ആണ് മരണപ്പെട്ടത്. മിനിഞ്ഞാന്ന് രാത്രി 10.30ഓടെയായിരുന്നു മരണം. ചെന്നൈയില്‍ മകനോടൊപ്പം താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ മാസം 25നാണ് നാട്ടിലെത്തിയത്.
ഇന്നലെ മലപ്പുറം ജില്ലയില്‍ 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Sharing is caring!