നടന്‍ പ്രിത്വിരാജിനോടൊപ്പം ജോര്‍ദ്ദാനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ്

നടന്‍ പ്രിത്വിരാജിനോടൊപ്പം  ജോര്‍ദ്ദാനില്‍ നിന്നെത്തിയ  മലപ്പുറം സ്വദേശിക്ക് കോവിഡ്

മലപ്പുറം: നടന്‍ പ്രിത്വിരാജിനോടൊപ്പം ജോര്‍ദ്ദാനില്‍നിന്നെത്തിയ സംഘത്തിലെ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്തവളംവഴി ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഉള്‍പ്പെടെ 58 പേരാണ് നാട്ടിലെത്തിയിരുന്നത്. ഈസംഘത്തിലുണ്ടായിരുന്ന പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയില്‍ വന്നിറങ്ങിയ ഇദ്ദേഹം മലപ്പുറത്തുവന്ന് ക്വാറന്റെയിനില്‍ കഴിയുന്നതിനിടെയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായിട്ടാണ് ഇദ്ദേഹം പോയത്. കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേ സമയം ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പ്രിഥ്വിരാജിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതു കാണിച്ച് അദ്ദേഹം തന്നെ പരിശോധനാ ഫലം രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ പോകാതെ തന്നെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്. മേയ് 29ന് സംഘത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായിരുന്നു. ഇതോടെ പലരും വീടുകളില്‍ ക്വാറന്റീന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സംഘത്തിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് നാട്ടിലെത്താനായത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദ്ദാനില്‍ ചിത്രീകരിച്ചിരുന്നു. ജോര്‍ദ്ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

Sharing is caring!