മലപ്പുറമെന്ന് കരുതി ഹാലിളകി ബി.ജെ.പി നേതാവ്
മലപ്പുറം: മലപ്പുറമെന്ന് കരുതി ഹാലിളകി ബി.ജെ.പി നേതാവ്. പാലക്കാട്ട് നടന്ന ക്രൂരതക്ക്
മലപ്പുറത്തെ കുറ്റംപറഞ്ഞ് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറ്റം പറഞ്ഞ് മനേക ഗാന്ധി. സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയും വാര്‍ത്താ ഏജന്‍സിയോടുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. മൃഗങ്ങളോടുള്ള ക്രൂരതകള്‍ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാര്‍മികത ഉണ്ടെങ്കില്‍ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎന്‍ഐയോട് പ്രതികരിച്ചു. നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഇമെയില്‍ ചെയ്യുകയും ഫോണ്‍ വിളിക്കുകയും ചെയ്യണമെന്ന് അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 600 ഓളം ആനകള്‍ കേരളത്തില്‍ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മര്‍ദനമേറ്റും പട്ടിണികിടന്നും അല്ലെങ്കില്‍ ബോധപൂര്‍വം കൊലപ്പെടുത്തിയതുമായി ഈ കേസുകള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്നെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആന നിരന്തരം മര്‍ദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടന്‍ അത് ചരിയും. ഇതിനെ കുറിച്ച് ഞാന്‍ വകുപ്പില്‍ പരാതി നല്‍കിയിട്ട് ഒരു മാസമാവുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മെയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലര്‍ച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തില്‍ നില്ക്കുന്ന നിലയില്‍ ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാല്‍ രക്ഷപ്പെടുത്തുന്നതിനു മുന്‍പ് ആന ചരിഞ്ഞു. 1997ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു. ആന ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സര്ജന് ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സൈലന്റ് വാലി വനമേഖലയില്‍നിന്നാണ് ആന നാട്ടിലെത്തിയതെന്നാണു വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍, സ്വകാര്യ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രധാനമായും കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാന്‍ കര്‍ഷകര്‍ കെണിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവന് അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കില്‍ പുഴയില്‍ മീന്‍ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായില്‍ മുറിവേറ്റതാകാം. വെള്ളിയാര്‍ പുഴയിലാണ് ചരിഞ്ഞത്. കാട്ടാനയുടെ ദാരുണാന്ത്യം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാണ്. പക്ഷേ എന്നാണ് എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. കാട്ടാന ശല്യം ഒഴിവാക്കാന്‍ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതാണോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തല്‍. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. മുഖത്തെ മുറിവില്‍ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാന്‍ വെള്ളത്തില്‍ തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]