ദേവികയുടെ ആത്മഹത്യ. അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മലപ്പുറം ഡി.ഡി.ഇ.യുടെ റിപ്പോര്‍ട്ട്

ദേവികയുടെ ആത്മഹത്യ.  അധികൃതര്‍ക്ക് പിഴവ്  സംഭവിച്ചിട്ടില്ലെന്ന് മലപ്പുറം  ഡി.ഡി.ഇ.യുടെ റിപ്പോര്‍ട്ട്

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ ഒമ്പതാം ക്ലാസുകാരി ദേവിക
ആത്മഹത്യചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മലപ്പുറം ഡി.ഡി.ഇ.യുടെ റിപ്പോര്‍ട്ട്. ദേവികപഠിക്കുന്ന ഇരിമ്പിളിയം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 25കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനുള്ള സൗകര്യം അഞ്ചാംതിയ്യതിക്കകം സജ്ജമാക്കുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി.ഡി.ഇ കെ.എസ് കുസുമം വിദ്യാഭ്യാസ വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് കൈമാറി. സാമ്പത്തികമായ പ്രയാസം നേരിടുന്ന ഇരിമ്പിളിയം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 25കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രയാസം നേരിടുന്നതായി പഞ്ചായത്ത് തലത്തില്‍ നടത്തിയ എജ്യൂക്കേഷണല്‍ കമ്മിറ്റിയുടെ മീറ്റിംഗില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ അഞ്ചാംതിയ്യതിക്കകം ഒരുക്കുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ഡി.ഡി.ഇ പറഞ്ഞു. ഇതുസംബന്ധിച്ചു വിശദീകരണം വിദ്യാഭ്യാസവകുപ്പിനു നല്‍കിയതായും ഇവര്‍ പറഞ്ഞു. വിഷയത്തില്‍ റിപ്പോട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി ഡി.ഡി.ഇയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണിച്ച് ഡി.ഡി.ഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഞാന്‍ പോകുന്നു എന്ന ഒറ്റവരി കുറിപ്പെഴുതിവച്ചാണ് ദേവിക സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്.. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവികയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരിമ്പിളിയം തിരുനിലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി നിരവധി പേരാണ് ദേവികയുടെ വീട്ടിലെത്തിയത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വി.ടി. എം.എല്‍.എമാരായ പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍, വി.ടി. ബല്‍റാം, എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.ടി. അജയ് മോഹന്‍, മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി വി.എ. കരീം, സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ട്രഷറര്‍ എം.എ. സമദ്, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി.പി. സക്കറിയ, വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി. ശങ്കരന്‍, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എ. സക്കീര്‍, എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് എന്നിവര്‍ വീട്ടിലെത്തിയിരുന്നു.

Sharing is caring!