ദേവികയുടെ ആത്മഹത്യ വ്യാപക പ്രതിഷേധം

ദേവികയുടെ ആത്മഹത്യ വ്യാപക പ്രതിഷേധം

മലപ്പുറം: ദേവികയുടെ ആത്മഹത്യ, വ്യാപക പ്രതിഷേധം, വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ്, കേന്ദ്ര എസ് സി – ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി. മലപ്പുറം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും. പഠനം ആരംഭിച്ച ദിവസം തന്നെ പട്ടികജാതി വിദ്യാര്‍ത്ഥിനി പഠന സൗകര്യം ഇല്ലാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര പട്ടികജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് കെ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര എസ് സി കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നല്‍കുകയും ചെയ്തു. ലക്ഷകണക്കിന് പാവപ്പെട്ടവരുടെ കുട്ടികള്‍ക്കും പട്ടികജാതി – പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ആണ്‍ഡ്രോയ്ഡ് ഫോണും ഇല്ലാത്ത സാഹചര്യത്തില്‍ അത് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ദേവികയുടെ ആത്മഹത്യ ചെയ്യാന്‍ ഇടയായ സാഹചര്യം സൃഷ്ടിച്ച സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിനെതിരെ സംസ്ഥാന പട്ടികജാതി കമ്മീഷന്‍ കേസെടുക്കണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍വ്വശിക്ഷ അഭിയാന്‍ അടക്കമുള്ള വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ ഫണ്ട് വിനിയോഗിച്ചതിനെ കുറിച്ച് ധവളപത്രം ഇറക്കുകയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുകയും വേണം. പാവപ്പെട്ടവര്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താതെ അധ്യായനം ആരംഭിച്ചതുവഴി രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേ സമയം മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി കോളനിയിലെ ദേവിക എന്ന ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ പി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് പീഡനം ആയി മാറിയ സാഹചര്യത്തില്‍ അവ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി പട്ടികജാതി/ പട്ടികവര്‍ഗ കോളനികളില്‍ പഠിക്കുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും, കമ്പ്യൂട്ടറും, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും ലഭ്യമല്ല എന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ കോളനികള്‍ക്ക് അകത്തോ , അതോടനുബന്ധിച്ചുള്ള പൊതു സ്ഥലങ്ങളിലോ, സമീപമുള്ള ഗ്രന്ഥശാലകളിലോ, അംഗന്‍വാടികളിലോ കുട്ടികള്‍ക്ക് പഠനം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി അതിനുശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പിന്നോക്കക്കാരായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ സമീപനം കാരണമാകുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ വിദ്യാര്‍ഥിനിയാണ് ദേവിക. കൂലിവേലക്കാരാണ് രക്ഷിതാക്കളും, കുടുംബാംഗങ്ങളും. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന് എ പി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
ദേവികയുടെ മൃതശരീരം അവരുടെ വീട്ടില്‍ എത്തിയ സന്ദര്‍ഭത്തില്‍ അവിടം സന്ദര്‍ശിക്കുകയും, കുടുംബത്തെ ആശ്വസിപ്പിക്കുന്നതിന്ന് വേണ്ടി അവിടെ സന്ദര്‍ശിച്ചശേഷമാണ് ശ്രീ എ പി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ എം അബ്ദുല്‍ ഗഫൂര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ഡിവിഷന്‍ മെമ്പര്‍ എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ പുതുപ്പറമ്പ, ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് വേലായുധന്‍ മഞ്ചേരി, ജനറല്‍ സെക്രട്ടറി പ്രകാശന്‍ മൂച്ചിക്കല്‍, ട്രഷറര്‍ ഗോപി വണ്ടൂര്‍, സെക്രട്ടറിമാരായ രമേശന്‍ ഇരിമ്പിളിയം, രാജേഷ് തവനൂര്‍ തുടങ്ങിയ ദളിത് ലീഗ് നേതാക്കന്മാരും ദേവകിയുടെ വീട് സന്ദര്‍ശിച്ചു.
ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫും ഫ്രറ്റേണിറ്റിയും പ്രതിഷേധിച്ചു. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന വളാഞ്ചേരി മങ്കേരി ദലിത് കോളനിയിലെ ദേവികയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കാതെ ക്ലാസാരംഭിച്ച സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് ഈ മരണത്തിന്റെ മുഖ്യ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഉറപ്പുവരുത്തുന്നത് വരെ നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴുത്തില്‍ കയര്‍ കെട്ടി പ്രതീകാത്മകമായ പ്രതിഷേധത്തില്‍ ഫ്രറ്റേണി മലപ്പുറം ജില്ലാ സെക്രട്ടറി സി.പി ഷരീഫ്, ജില്ല കമ്മിറ്റിയംഗം അഖീല്‍ നാസിം എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇന്‍സാഫ്, ജില്ല കമ്മിറ്റിയംഗം നബീല്‍ അമീന്‍, ദാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡായ തിരുനിലത്ത് ബാലകൃഷ്ണന്‍- ഷീബ ദമ്പതികളുടെ മകള്‍ ദേവിക (14) മരണം സംസ്ഥാന സര്‍ക്കാറിന്റെ ബാലവകാശ ലംഘനത്തിന് ഉത്തമ തെളിവാണെന്ന് കെ പി സി സി ജന. സെക്രട്ടറി വി. എ കരീം പറഞ്ഞു. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. ഇത് തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്ന ഓണ്‍ലൈന്‍ പഠന രീതി പുനപ്പരിശോധിക്കേണ്ട സമയമാണിതെന്നും വി എ കരീം തുടര്‍ന്നു പറഞ്ഞു. ഓണ്‍ലൈന്‍ പഠന രീതി തുടരുന്നതിനു മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനരീതി തുടരാന്‍ സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
വളഞ്ചേരി മങ്കേരിയില്‍ മരണപ്പെട്ട ദേവികയുടെ വീട് നാഷണല്‍ ഹ്യുമണ്‍ റൈറ്റ്്‌സ് ഫോറം (എന്‍എച്ച്ആര്‍എഫ്) നഷണല്‍സെക്രട്ടറി സജീത്ത് നാഷണല്‍ കോഡിനേറ്റര്‍ കെ ശരവണന്‍ നേഷണല്‍ എകസിക്യൂട്ടിവ് കെ.വി ഷക്കീര്‍ മലപ്പുറം ജില്ല ജോ സെക്രറി അശോകന്‍ ഷറഫുദ്ദിന്‍ കൊട്ടിലില്‍ എന്നിവര്‍ സന്ദര്‍ശിച്ചു ബന്ധപ്പെട്ട അധികരികളോട് അവശ്യമായ നടപടി എടുക്കുവാന്‍ ആവശ്യപെട്ടു. ഇന്ന് ജില്ല പ്രസി.നേതൃത്വത്തില്‍ ഉന്നധികാരികളെ നേരിട്ട് കണ്ട് നിവേദനം കൊട്ടക്കുവാനും തീരുമാനിച്ചു.

Sharing is caring!